കൊല്ലം: ക്ഷേത്ര സന്നിധിയിൽ വച്ച് മാല മോഷണം പോയതറിഞ്ഞ് കരഞ്ഞു നിലവിളിച്ച വയോധികയെ ആശ്വസിപ്പിക്കാൻ സ്വന്തം കൈയിലെ സ്വർണ വളകൾ ഊരി നൽകിയ സ്ത്രീയെ തേടി നാട്.
കൊല്ലം പട്ടാഴി ദേവി ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു സംഭവം. ഊരും പേരും അറിയാത്തൊരു നല്ല മനസുകാരിയുടെ സ്നേഹത്തിൽ ചാലിച്ച സ്വർണം കൊണ്ട് തീർത്ത മാലയാണ് സുഭദ്രാമ്മയുടെ കൈയിലിരിക്കുന്നത്. ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് കൊട്ടാരക്കര മൈലത്ത് കശുവണ്ടി തൊഴിലാളിയായ സുഭദ്ര പട്ടാഴി ദേവീക്ഷേത്രത്തിൽ ഉൽസവം തൊഴാൻ പോയത്. ക്ഷേത്രാങ്കണത്തിൽ വച്ച് കഴുത്തിൽ കിടന്ന രണ്ടു പവൻ തൂക്കമുളള സ്വർണ മാല നഷ്ടപ്പെട്ടു. വിവരമറിഞ്ഞ സുഭദ്രാമ്മ ക്ഷേത്രമുറ്റത്ത് കിടന്ന് വലിയ വായിൽ കരഞ്ഞു.
കരച്ചിൽ കണ്ട മറ്റൊരു സ്ത്രീ കൈയിൽ കിടന്ന രണ്ടു പവൻ തൂക്കം വരുന്ന രണ്ടു സ്വർണ വളകൾ ഊരി സുഭദ്രയ്ക്ക് കൊടുത്തു. വള വിറ്റ് കിട്ടുന്ന പണം കൊണ്ട് മാല വാങ്ങണമെന്ന് പറഞ്ഞ് സ്വന്തം പേരു പോലും പറയാതെ അവർ മടങ്ങുകയും ചെയ്തു. സംഭവമറിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരുമെല്ലാം നല്ല മനസുളള ആ സ്ത്രീയെ കണ്ടെത്താനുളള ഓട്ടത്തിലാണ്. സിസിടിവി ദൃശ്യങ്ങളിൽ ആ നന്മ മനസിൻറെ മുഖം തെളിഞ്ഞെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സാക്ഷാൽ ദേവി തന്നെ സുഭദ്രാമ്മയുടെ മുന്നിൽ അവതരിച്ചതാണെന്ന് വിശ്വസിക്കുന്നവരുണ്ട് പട്ടാഴിയിൽ. അതെന്തായാലും ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്ന ആ സ്ത്രീയുടെ സ്ഥാനം തൻറെ മനസിലെന്നും ദൈവത്തിന് തുല്യമായിരിക്കുമെന്ന് സുഭദ്രാമ്മ പറയുന്നു.