അഗസ്ത്യാർകൂടം തീർത്ഥാടന കേന്ദ്രമാക്കണമെന്ന് ആവശ്യം

Advertisement

അമ്പലപ്പുഴ: അഗസ്ത്യാർകൂടത്തെ ഒരു തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ശിവസേന സംസ്ഥാന പ്രസിഡൻറ് എം.എസ് ഭുവനചന്ദ്രൻ.

ശിവസേന സംസ്ഥാന കാര്യനിർവ്വഹണ സമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗസ്ത്യാർകൂടം ഒരു ട്രക്കിങ് കേന്ദ്രമല്ലെന്നും അതിനെ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ ആൾക്കാരുടെയും കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

അമ്പലപ്പുഴ ഹോട്ടലിൽ വെച്ച്‌ വ്യാഴാഴ്ച നടന്ന യോഗത്തിൽ 14 ജില്ലകളിൽ നിന്നായി 250 ഓളം സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. മെമ്പർഷിപ്പ് വിതരണം ആറു മാസം കൊണ്ട് പൂർത്തീകരിക്കാൻ യോഗത്തിൽ തീരുമാനമായി. ബൂത്ത് തലം മുതലുള്ള കമ്മിറ്റികൾ വിപുലീകരിക്കാനും ജീവകാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം കൊടുത്തു കൊണ്ട് പ്രവർത്തനങ്ങൾ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.

‘കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. അഗസ്ത്യാർകൂടം ട്രക്കിങ് കേന്ദ്രമല്ല, തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ ആൾക്കാരുടെയും കേസുകൾ സർക്കാർ ഉടൻ പിൻവലിക്കണം. ജീവകാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം കൊടുത്തുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം’, ഭുവനചന്ദ്രൻ പറഞ്ഞു.

സംഘടനാ പ്രവർത്തനവും അച്ചടക്കവും എന്ന വിഷയത്തിൽ സംസ്ഥാന ഹൈപവർ കമ്മറ്റി അംഗം സജി തുരുത്തി കുന്നേൽ യോഗത്തിൽ പ്രസംഗിച്ചു. ശിവസേന സംസ്ഥാന രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പെരിങ്ങമല അജി, ദേശീയ രാഷ്ട്രീയത്തിൽ ശിവസേനയുടെ പ്രശസ്തിയും രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ച്‌ സംസാരിച്ചു. ശിവസേന സംസ്ഥാന സെക്രട്ടറി പേരൂർക്കട ഹരികുമാർ, ആലപ്പുഴ ജില്ലാ സെക്രട്ടറി
ശ്രീകുമാർ, പാർട്ടി സംസ്ഥാന വക്താവ് പള്ളിക്കൽ സുനിൽ വിപിൻദാസ്, പുത്തൂർ വിനോദ്, രാജീവ് രാജധാനി, ബിജു വരാപുറത്ത്, ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.

Advertisement