കളമശ്ശേരി: റെയിൽവേക്കു ആവശ്യമായ ഇരുമ്പ് ചക്രങ്ങൾ നിർമിക്കുന്നതിനാവശ്യമായ കമ്പ്യൂട്ടർ നിയന്ത്രിത ഹെവി ഡ്യൂട്ടി ലൈത് നിർമ്മിച്ച് എച്ച്‌എംടി യൂണിറ്റ്.
കഴിഞ്ഞ രണ്ടു വർഷത്തോളമായി എച്ച്‌എംടിയിലെ വിദഗ്ധരായ എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ടീം ആണ് യന്ത്രം വികസിപ്പിച്ചത്.
ഓരോ വർഷവും കോടി കണക്കിന് രൂപയുടെ ഇത്തരത്തിലുള്ള നിരവധി യന്ത്രങ്ങൾ ആവശ്യമാണെന്നിരിക്കെ റെയിൽവേയുടെ ആവശ്യം പരിഗണിച്ചാണ് എച്ച്‌എംടി പുതിയ യന്ത്രം നിർമാണത്തിനായി പരിശ്രമിച്ചത്. റെയിൽവേക്കാവശ്യമായ വീൽ ആക്‌സിൽ ഉണ്ടാക്കുന്നതിനുള്ള വൻകിട കമ്പ്യൂട്ടർ നിയന്ത്രിത യന്ത്രവും എച്ച്‌എംടി കളമശേരി യൂണിറ്റ് നിർമിച്ചു നൽകുന്നുണ്ട്. റെയിൽ ബോഗികളിൽ ഘടിപ്പിച്ചിട്ടുള്ള വീലുകൾ കാലപ്പഴക്കത്തിൽ വരുന്ന തേയ്മാനം പരിഹരിച്ചു റെയിൽ ബോഗികളിൽ നിന്നും അഴിച്ചു മാറ്റാതെ തന്നെ വീലുകൾ പുതുക്കി പണിയുന്നതിന് ആവശ്യമായ അൺഡർഫ്‌ളോർ ലൈതിന്റെ നിർമാണത്തിനും എച്ച്‌എംടി കളമശേരി തയാറെടുക്കുകയാണ്.
റെയിൽവേക്കാവശ്യമായ ഇത്തരം യന്ത്രങ്ങൾ സ്വകാര്യമേഖലയിൽ മാത്രമാണ് നിർമിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം യന്ത്രങ്ങൾക്കു റെയിൽവേ ഇരട്ടി വില നൽകേണ്ട സ്ഥിതിയാണ്. പൊതുമേഖലാ സ്ഥാപനമായ എച്ച്‌എംടി റെയിൽവേക്കു വേണ്ടി സ്വകാര്യമേഖല ഇപ്പോൾ നിർമിക്കുന്ന യന്ത്രങ്ങളെക്കാൾ അത്യാധുനിക നിലയിലാണ് നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ആഭ്യന്തര വിപണി മാത്രമല്ല വിദേശ വിപണിയും ലക്ഷ്യമാക്കി തന്നെയാണ് എച്ച്‌എംടി കളമശേരിയുടെ റിസർച്ച് വിഭാഗം തയാറെടുത്തിട്ടുള്ളത്. 2014ൽ നേവൽ ഷിപ്പുകൾക്കാവശ്യമായ ഡയറക്ടിങ് ഗിയർ നിർമിച്ചതിലൂടെ രാജ്യത്തിനകത്തും വിദേശ വിപണിയും വൻതോതിൽ ഏറ്റെടുക്കാനായതും എച്ചഎംടി കളമശേരി യൂണിറ്റിനും വലിയ നേട്ടമുണ്ടാക്കാനായി.
സർഫെസ് വീൽ ലൈത് ഫാക്ടറി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എച്ച്‌എംടി ജനറൽ മാനേജർ എസ് ബാലമുരുകേശൻ അധ്യക്ഷനായി. എച്ച്‌എംടി യൂണിറ്റ് ചീഫ് പി.എസ്. സുരേഷ്, ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള, എച്ച്‌എംടി വാർഡ് കൗൺസിലർ സൽമ അബൂബക്കർ, ബിഎംസ് സംസ്ഥാന സെക്രട്ടറി മധുകുമാർ, എൻസിഒഎ സെക്രട്ടറി ഗിരീഷ് ബാബു, ജോൺസൻ പാനിക്കുളം എന്നിവർ സംസാരിച്ചു.