ശതാബ്ദിയിലെത്തിയിട്ടും പെരുങ്ങാലം സ്‌കൂൾ അവഗണനയിൽ

Advertisement

ശാസ്താംകോട്ട: നൂറ് വർഷം പഴക്കമുള്ള സർക്കാർ സ്‌കൂൾ. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ഇവിടെയുണ്ട്.

സ്‌കൂൾ ക്ലാസുകളിൽ പരമാവധി കുട്ടികൾ പത്തിൽ താഴെ. ഒന്നാം ക്ലാസിൽ നാല് കുട്ടികൾ. മറ്റ് ക്ലാസുകളിൽ ആറും ഏഴും കുട്ടികൾ. പത്താം ക്ലാസിൽ ഒൻപത് പേർ! കഴിഞ്ഞ എസ്‌എസ്‌എൽസിക്ക് പരീക്ഷ എഴുതിയത് പതിനൊന്നു പേരാണ്. പൊതുവിദ്യാലയങ്ങളെ കുറിച്ച്‌ സർക്കാർ മേനി പറയുമ്ബോഴും അടിസ്ഥാനസൗകര്യത്തിന്റെ അപര്യാപ്തത മൂലം കുട്ടികൾ പോകാൻ മടിക്കുന്ന ജില്ലയിലെ ഒരു സ്‌കൂളിന്റെ നേർചിത്രമാണിത്. കുന്നത്തൂർ നിയോജക മണ്ഡലത്തിലെ മൺറോതുരുത്ത് പഞ്ചായത്തിൽപ്പെട്ട പെരുങ്ങാലം ഹയർ സെക്കന്ററി സ്‌കൂളിന്റെ സ്ഥിതിയാണിത്.

പ്രകൃതിക്ഷോഭം ജനജീവിതത്തെ താറുമാറാക്കിയ മൺറോത്തുത്തിലെ ഒറ്റപ്പെട്ട തുരുത്തായ പെരുങ്ങാലത്തെ ഈ സർക്കാർ സ്‌കൂളിന്റെ കാലങ്ങളായുള്ള കണക്കും ചരിത്രവും ഇങ്ങനെയാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി പ്രതിനിധാനം ചെയ്ത കുണ്ടറ മണ്ഡലത്തിലായിരുന്നു അന്ന് ഈ സ്‌കൂളിന്റെ സ്ഥാനം. പിന്നീട് മണ്ഡലത്തിന്റെ ഭൂമി ശാസ്ത്രം മാറിയെങ്കിലും സ്‌കൂളിന്റെ സ്ഥിതിക്ക് യാതൊരു മാറ്റവുമില്ല. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകൾ ഓരോ ഡിവിഷൻ മാത്രമേ ഇവിടെയുള്ളൂ.

മൺറോതുരുത്ത് പഞ്ചായത്തിലെ 13-ാം വാർഡാണ് പെരുങ്ങാലം. ഇതൊരു ദ്വീപാണ്. രണ്ടുവശവും കല്ലടയാറും ഒരുവശത്ത് അഷ്ടമുടിക്കായലും കിഴക്ക് വശത്ത് അഷ്ടമുടിക്കായലിനെയും കല്ലട ആറിനെയും ബന്ധിപ്പിക്കുന്ന തോടും. ഇവിടെ എത്തിപ്പറ്റാൻ മൂന്ന് മാർഗ്ഗങ്ങളാണുള്ളത്. ഒന്ന് കൊല്ലത്തു നിന്നുള്ള ബോട്ട് സർവ്വീസ്. കൂടാതെ കിഴക്ക് ഭാഗത്ത് മൺറോതുരുത്ത് റയിൽവേ സ്റ്റേഷന് പടിഞ്ഞാറുള്ള കൊന്നയിൽകടവ് വഴിയും, വടക്ക് കല്ലടയാറിന് കുറുകെയുള്ള മലയിൽകടവ് വഴിയും കടത്തുവള്ളത്തിൽ പെരുങ്ങാലത്തെത്താം.

ചതുപ്പായ ഇടവഴികളിലൂടെ കിലോമീറ്ററുകളോളം നടന്നു വേണം സ്‌കൂളിലെത്താൻ. മൺറോതുരുത്ത് പഞ്ചായത്തിലെ ഒറ്റപ്പെട്ട് കിടക്കുന്ന പെരുങ്ങാലം ദ്വീപിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. മഴക്കാലത്തെ വെള്ളപ്പൊക്കവും വേനൽ കാലത്തെ വേലിയേറ്റവും ഒറ്റയടിപാതയിലൂടെയുള്ള ഇവിടുത്തെ യാത്രയെ നരകതുല്യമാക്കുന്ന തരത്തിലാണ്.

പെരുങ്ങാലം വാർഡിൽ ആയിരത്തിലധികം താമസക്കാരുണ്ട്. സ്‌കൂളിലെ അടിസ്ഥാനസൗകര്യത്തിന്റെ അപര്യാപ്തത കാരണം പെരുങ്ങാലത്തുകാർ തങ്ങളുടെ കുട്ടികളെ പടിഞ്ഞാറെ കല്ലടയിലും തേവലക്കരയിലും, കോയിവിളയിലും മറ്റുമുള്ള അൺഎയിഡഡ് സ്‌കൂളിലാണ് വിടുന്നത്. വള്ളത്തിലിറങ്ങി ഒന്നര കിലോമീറ്ററോളം ഒറ്റയടിപ്പാതയിലൂടെ നടന്ന് ദൂരെ ദിക്കുകളിൽ നിന്നും സ്‌കൂളിലെത്തുന്ന അധ്യാപകർ വിദ്യാർഥികളില്ലാത്ത സ്‌കൂളിന്റെ അവസ്ഥയിൽ നിസ്സഹായരാണ്.

ക്ലാസ് മുറികൾ നവീകരിച്ച്‌ വിദ്യാർഥികൾ

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ ഭാഗമായി ക്ലാസ് മുറികൾ നവീകരിച്ച്‌ മൺറോതുരുത്ത് പെരുങ്ങാലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ. സ്‌കൂളിലെ എസ്പിസി യൂണിറ്റാണ് ഇതിന് നേതൃത്വം നൽകിയത്. ക്ലാസ് മുറികൾ കഴുകി വൃത്തിയാക്കി പെയിന്റ് അടിച്ച്‌ നവീകരിച്ചു.
എസ്പിസി കമ്മ്യൂണിറ്റി പ്രോജക്റ്റിന്റെ ഭാഗമായി നടന്ന പ്രവർത്തനം പ്രിൻസിപ്പൽ ഗീതാഞ്ജലി. കെ.എസ്. ഉദ്ഘാടനം ചെയ്തു. സിപിഒമാരായ ജോയി.ജെ, അനീഷ്യ. പി. എസ്. എന്നിവരും അധ്യാപകരായ അനിൽ കുമാർ. വി. ബി., അരുൺ കുമാർ. ഡി. തുടങ്ങിയവരും കുട്ടികൾക്കൊപ്പം നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Advertisement