സംസ്ഥാനത്ത് മാർച്ച്‌ 24 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌ മാർച്ച്‌ 24 മുതൽ സ്വകാര്യ ബസുകൾ പണിമുടക്കും.
അനിശ്ചിത കാലത്തേക്കാണ് സമരം ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി അറിയിച്ചു.

ബസ് ചാർജ് വർധനവ് ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് ഉടമകൾ മുൻപ് പറഞ്ഞിരുന്നു. ഇതിൻറെ മുന്നോടിയായി പണിമുടക്ക് തീയതി പ്രഖ്യാപിച്ച്‌ ഗതാഗത മന്ത്രിക്ക് ബസ് ഉടമകൾ നോട്ടീസ് നൽകി. ബസ് ചാർജ് വർധന ഉടൻ നടപ്പാക്കണമെന്നാണ് ബസ് ഉടമകളുടെ നോട്ടീസിലെ പ്രധാന ആവശ്യം. ബസ് ഉടമകൾ നിവേദനം നൽകിയ കാര്യം ഗതാഗത മന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചിട്ടുണ്ട്.

മിനിമം ബസ് ചാർജ് 12 രൂപയായി ഉയർത്തണമെന്നാണ് ബസ് ഉടമകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ബസ് ഉടമകൾ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ കൺസെഷൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു.

ബസ് ഉടമകൾ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നും പ്രശ്നം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആന്റണി രാജു പറഞ്ഞു. ആവശ്യം ന്യായമാണെന്ന് നേരത്തെ തന്നെ താൻ പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണ്, വിഷയം പൊതുജനങ്ങളെ ബാധിക്കുന്നതിനാൽ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ല. ജനങ്ങളുടെ മേൽ അമിതഭാരം ഇല്ലാതെയുള്ള ചാർജ് വർധനവാണ് സർക്കാർ മുന്നോട്ടുവെക്കുന്ന നിർദേശം.

Advertisement