മണ്ണാർക്കാട്: സൈലന്റ് വാലി കരുതൽ മേഖലയിൽ മൂന്ന് ദിവസമായി പടരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കി.
മണ്ണാർക്കാട് മേഖലയിൽ സൈലന്റ് വാലി ബഫർ സോണിൽ നൂറു കണക്കിനു ഹെക്ടർ വനം കത്തി നശിച്ചു. വനം വകുപ്പ് തീ നിയന്ത്രണ വിധേയമാക്കി.
കോട്ടോപ്പാടം പൊതുവപ്പാടം മേക്കളപ്പാറ വനമേഖലയിലാണ് ആദ്യം തീ പടർന്നത്. ജനവാസ കേന്ദ്രങ്ങളുടെ അടുത്തുവരെ തീ എത്തി. ഇത് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് അണച്ചു. എന്നാൽ ഉൾ വനത്തിലേക്ക് പടർന്ന തീ കെടുത്താൻ അഗ്നിരക്ഷാ സേനയ്ക്കും നാട്ടുകാർക്കാർക്കുമായില്ല. രണ്ടാം ദിവസം മേക്കളപ്പാറ വനമേഖലയും പിന്നിട്ട് തീ സൈലന്റ്‌വാലിയുടെ മറുഭാഗത്തെ തത്തേങ്ങലം വനമേഖലയിലെത്തി. വൻതോതിൽ ജൈവസമ്പത്ത് അഗ്നിക്കിരയായി.
കരുതൽ മേഖലയിൽ ഉൾപ്പെട്ട തത്തേങ്ങലം മലയടിവാരത്തോട് ചേർന്ന പുൽമേടുകളിലാണ് തീ അതിവേഗം പടർന്നത്. വൈൽഡ് ലൈഫ് വാർഡൻ എസ്.വിനോദ്, ഭവാനി റേഞ്ച് അസി.വാർഡൻ എ.ആശാലത എന്നിവരുടെ നേതൃത്വത്തിൽ 40 അംഗ സംഘം മൂന്ന് ദിവസമായി തീ അണയ്ക്കാനുളള ശ്രമത്തിലായിരുന്നു. എത്തിച്ചേരാൻ കഴിയാത്ത ചെങ്കുത്തായ സ്ഥലങ്ങളിലാണ് തീ ശേഷിക്കുന്നത്. കോർ ഏരിയയിലേക്ക് തീ കടക്കാതിരിക്കാൻ മുൻ കരുതലെടുത്തതായി വാർഡൻ പറഞ്ഞു. തീ പൂർണമായും ഉടൻ കെടുത്താനാകുമെന്ന പ്രതീക്ഷയിലാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.