ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ അടുത്തയാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ
ചൊവ്വാഴ്ച രൂപപ്പെട്ട ന്യൂനമർദ്ദം കിഴക്ക് വടക്കുകിഴക്ക് ഭാഗത്തേയ്ക്ക് സഞ്ചരിച്ച് ശനിയാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി മാറിയേക്കും.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് അരികിലൂടെ കടന്നുപോകുന്ന ന്യൂനമർദ്ദം മാർച്ച് 21 ഓടേ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചേക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മാർച്ച് 22ഓടേ വടക്കു -വടക്കുപടിഞ്ഞാറ് ദിശയിൽ ചുഴലിക്കാറ്റ് സഞ്ചരിക്കാനാണ് സാധ്യത. ചുഴലിക്കാറ്റായി മാറി കഴിഞ്ഞാൽ ഇതിനെ അസനി എന്നാണ് വിളിക്കുക. ശ്രീലങ്കയാണ് പേരു നിർദേശിച്ചത്.
തുടർന്ന് വടക്കു- വടക്കുകിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തൊട്ടടുത്ത ദിവസം മ്യാന്മാർ, ബംഗ്ലാദേശ് ലക്ഷ്യമാക്കി നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഇതിന്റെ സ്വാധീനഫലമായി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ പ്രക്ഷുബ്ധമായിരിക്കും. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും തെക്കുകിഴക്കൻ ഭാഗങ്ങളിലും ആൻഡമാൻ കടലിലും വരും ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.