സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിർദേശം; നിലവിലുള്ള നിയമം നടപ്പാക്കി കിട്ടാനായിരുന്നു പോരാട്ടമെന്നും അതിൽ വിജയിച്ചുവെന്നും ഡബ്ല്യു സി സി

Advertisement

കൊച്ചി: സിനിമാ ലൊക്കേഷനുകളിൽ സ്ത്രീകളുടെ പരാതി പരിഹരിക്കാൻ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ വേണമെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി.

ഈ ആവശ്യമുന്നയിച്ച്‌ സിനിമയിലെ വനിതാ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യു സി സി നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

10ൽ കൂടുതൽ ആളുകളുള്ള എല്ലാ സിനിമാ ലൊക്കേഷനുകളിലും പരാതി പരിഹാര സെലുകൾ രൂപീകരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. സിനിമാ സംഘടനകളിലും ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കർശന നടപടി ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018 ലാണ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യു സി സി ഹൈക്കോടതിയെ സമീപിച്ചത്. വനിതാ കമ്മീഷനോടും ഡബ്ല്യു സി സി ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഡബ്ലൂസിസിയുടെ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിതാ കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ വനിത കമ്മീഷനും കക്ഷി ചേർന്നിരുന്നു.

ഹൈക്കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നതായി ഡബ്ല്യു സി സി പ്രതികരിച്ചു. നിലവിലുള്ള നിയമം നടപ്പാക്കി കിട്ടാനായിരുന്നു പോരാട്ടമെന്നും അതിൽ വിജയിച്ചുവെന്നും കൂട്ടായ്മ പ്രതികരിച്ചു പറഞ്ഞു.

വിധിയെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷനും സിനിമാ സംഘടനകളും രംഗത്തെത്തി.

ഹൈക്കോടതിയിൽ നിന്നുണ്ടായത് നീതിയുക്ത നടപടിയാണെന്നും കമ്മീഷൻ തങ്ങളുടെ നിലപാട് ഹൈക്കോടതിയെ അറിയിച്ചിരുന്നെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. നിർമാതാക്കൾ ഉത്തരവ് നടപ്പിലാക്കണമെന്നും ഇതിനായി പരിശീലനം കിട്ടിയവർ വേണമെന്നും ഫെഫ്ക ചൂണ്ടിക്കാട്ടി.

Advertisement