കൊല്ലം: സംസ്ഥാന കൃഷി വകുപ്പിന്റെ മൂന്ന് പ്രധാന കാർഷിക പുരസ്കാരങ്ങൾ കൊല്ലം ജില്ല സ്വന്തമാക്കി. ആവണീശ്വരം ദാറുൽ ഹിദായിൽ എൻ.ഹസീനയ്ക്ക് ഉദ്യാന ശ്രേഷ്ഠ പുരസ്കാരവും പാരിപ്പള്ളി പുതിയപാലം വടക്കടത്ത് വീട്ടിൽ എ.ആയുഷിന് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള കാർഷിക പ്രതിഭാ പുരസ്കാരവും കൊല്ലം രാജ് ഭവനിൽ വിശ്വലേഖയ്ക്ക് ഒരു മുറം പച്ചക്കറി കൃഷിക്കുള്ള പുരസ്കാരവുമാണ് ലഭിച്ചത്. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സ്കൂൾ വിദ്യാർത്ഥിക്ക് 10,000 രൂപയും സ്വർണ മെഡലും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.
വീട്ടുമുറ്റത്ത് വ്യത്യസ്തയിനം പൂച്ചെടികൾ നട്ടുവളർത്തിയാണ് ഹസീന ഉദ്യാന ശ്രേഷ്ഠ പുരസ്കാരത്തിന് അർഹയായത്. ഓണത്തിന് കൃഷി വകുപ്പ് നടപ്പാക്കിയ ഒരു മുറം പച്ചക്കറി കൃഷിയിലൂടെ വിശ്വലേഖയും നേട്ടം സ്വന്തമാക്കി. കൂടാതെ വിവിധ മണ്ഡലങ്ങളിൽ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥർക്കും അവാർഡുകൾ ലഭിച്ചു.