തയ്യൽ തൊഴിലാളി ക്ഷേമനിധി പരാതി പരിഹാരത്തിന് ഓൺലൈൻ സംവിധാനം

Advertisement

തിരുവനന്തപുരം: കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഓൺലൈൻ പരാതി പരിഹാര സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.

ബോർഡിന്റെ പുതുക്കിയ നിരക്കിലുള്ള ക്യാഷ് അവാർഡും ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പും ലഭിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.

തയ്യൽ തൊഴിലാളികളുടെ ക്ഷേമത്തിനു സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അർഹതയുള്ള തൊഴിലാളികൾക്കു മാത്രം ആനുകൂല്യങ്ങൾ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ സ്‌ക്രൂട്ടിനി നടത്തുമെന്നും മന്ത്രി പറഞ്ഞു. ബോർഡിന്റെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ ജി. രാജമ്മ, കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി. ജയൻ ബാബു, തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.എസ്. സിന്ധു, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.