എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിയുള്ള സ്കൂളിൽ തന്നെ അധ്യാപകർക്ക് എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ ഡ്യൂട്ടിയും

Advertisement

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിയെടുക്കുന്ന സ്കൂളിൽ തന്നെ അധ്യാപകർക്ക് എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ ഡ്യൂട്ടിക്ക് ക്രമീകരണമൊരുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. എസ്.എസ്.എൽ.സി പരീക്ഷാദിവസം തന്നെ വാർഷിക പരീക്ഷ നടത്തുന്നത് അധ്യാപകർക്ക് ദുരിതമാകുമെന്ന് കണ്ടാണ് നിർദേശം.

മാർച്ച് 31ന് രാവിലെ 9.45 മുതൽ 11.30 വരെ എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നുണ്ട്. ഇതേ ദിവസം ഉച്ചക്കുശേഷം ഒന്നര മുതൽ ഒമ്പതാം ക്ലാസിനും എട്ടാം ക്ലാസിനും വാർഷിക പരീക്ഷ നിശ്ചയിച്ചിട്ടുണ്ട്. രാവിലെ മറ്റൊരു സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപകർ അതേദിവസം ഉച്ചക്കുശേഷം വാർഷിക പരീക്ഷ നടത്തിപ്പിനായി മാതൃസ്കൂളിലേക്കും ഓടണമായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് ക്രമീകരണം.


എസ്.എസ്.എൽ.സി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലാത്ത അധ്യാപകരെയും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷക്ക് ആവശ്യാനുസരണം നിയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്. അധികം പേരെ ഡ്യൂട്ടിക്ക് ആവശ്യമെങ്കിൽ തൊട്ടടുത്ത എൽ.പി/യു.പി സ്കൂളുകളിലെ അധ്യാപകരെ നിയോഗിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.