ആലപ്പുഴ; സഹകരണ വകുപ്പിന്റെ ഒന്നാം ഘട്ട കെയർ ഹോം പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് കൈമാറാനുള്ള വീടുകളുടെ താക്കോൽ ദാനം നാളെ നടക്കും.
ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിലെ കർമസദൻ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു 12.30ന് നടക്കുന്ന ചടങ്ങിൽ കെയർ ഹോം ഒന്നാം ഘട്ട പൂർത്തീരണ പ്രഖ്യാപനവും താക്കോൽ ദാനവും സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ഫിഷറീസ് സാംസ്‌കാരിക യുവജന ക്ഷേമ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. പുന്നമട കായൽ പ്രദേശത്ത് കെയർ ഹോം പദ്ധതി നടപ്പാക്കിയ സഹകരണ സംഘത്തെ കൃഷി മന്ത്രി പി. പ്രസാദ് ആദരിക്കും.
ആലപ്പുഴ ജില്ലയിൽ 201 വീടുകൾ നിർമിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. 190 വീടുകളുടെ നിർമാണം നേരത്തേ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിയിരുന്നു. ശേഷിച്ച 11 വീടുകളിൽ 10 എണ്ണത്തിന്റെ താക്കോൽദാനമാണ് ഇന്നു നടക്കുന്നത്. ഒരു വീടിന്റെ ഫിനിഷിങ് ജോലികൾ പൂർത്തിയാക്കാനുണ്ട്. ഈ വീട് അനുവദിച്ചു കിട്ടിയ ഗുണഭോക്താവ് മരണപ്പെട്ടതിനെ തുടർന്നുണ്ടായ സാങ്കേതിക തടസങ്ങളാണ് ഫിനിഷിങ് പണികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയത്.
ദുഷ്‌കരമായ കായൽ പ്രദേശത്താണ് 11 വീടുകളും നിർമിച്ചത്. നിർമാണ ജോലികൾ ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. നിർമാണ സാമഗ്രികൾ ലോറിയിലെത്തിച്ച് നെഹ്‌റു ട്രോഫി വള്ളം കളി സ്റ്റാർട്ടിങ് പോയിന്റിനു സമീപം ഇറക്കി, വള്ളത്തിൽ കയറ്റി വള്ളം അടുപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ ഇറക്കിയ ശേഷം ട്രോളിയിലും തലച്ചുമടായും നിർമ്മാണ സ്ഥലത്ത് എത്തിക്കുകയായിരുന്നു. വേനൽക്കാലത്തു പോലും വേലിയേറ്റം കാരണം വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങളാണിത്. ചെറിയ മഴയത്ത് പോലും ചെളിയും വെള്ളവും നിറയുന്ന പ്രദേശത്ത് ജോലിക്കാരെ എത്തിക്കുന്നതിനും പ്രയാസം നേരിട്ടു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
കേപ്പ് (സിഎപിഇ) നിയന്ത്രിക്കുന്ന പുന്നപ്ര എൻജിനിയറിങ് കോളജാണ് വീടുകളുടെ രൂപകൽപ്പന നടത്തിയത്. പ്രളയത്തെ ചെറുക്കുന്ന തരത്തിൽ പില്ലറുകൾ ഉയർത്തിയാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും വീടൊന്നിന് അഞ്ചു ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. എന്നാൽ നിർമാണ പ്രദേശത്തിന്റെ പ്രത്യേകതയും ഭൂപ്രകൃതിയും വിലയിരുത്തി 11 വീടുകളുടെ നിർമാണത്തിന് അധിക ധനസഹായമായി 37,41,783 രൂപ അനുവദിച്ചിരുന്നു. എസ്‌എൽ പുരം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലായിരുന്നു നിർമാണ പ്രവർത്തനങ്ങൾ. ഉദ്ഘാടന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. മെഡിക്കൽ കിറ്റ് വിതരണം ചെയ്യും. കെയർ ഗ്രേയ്‌സ് ഗൃഹോപകരണങ്ങളുടെ വിതരണം എ.എം ആരിഫ് എംപി നിർവഹിക്കും. എച്ച്. സലാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടർ ഡോ. രേണുരാജ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.