മാലിന്യ പരിപാലനത്തിൽ കൃത്യത ഉറപ്പാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ; 365 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിത മിത്രം ആപ്ലിക്കേഷൻ ഉപയോഗിക്കാൻ ശുചിത്വ മിഷൻ

Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ പരിപാലന പ്രവർത്തനങ്ങളുടെ കൃത്യതയും കാര്യക്ഷ്യമതയും ഉറപ്പാക്കുന്നതിനും മാലിന്യോത്പാദനം സംസ്‌കരണം തുടങ്ങിയവ സംബന്ധിച്ച സ്ഥിതി വിവരം ദൈനംദിനം വിലയിരുത്താവുന്നതുമായ മൊബൈൽ ആപ്ലിക്കേഷൻ തയാറായി.

കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ശുചിത്വമിഷനും ഹരിതകേരളം മിഷനും ചേർന്നാണ് ‘ഹരിതമിത്രം’ എന്ന പേരിൽ ആപ്ലിക്കേഷൻ തയാറാക്കിയത്. ഏപ്രിൽ ഒന്നു മുതൽ 365 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച്‌ തുടങ്ങുമെന്ന് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി ബാലഭാസ്‌കരൻ അറിയിച്ചു. വരുന്ന സാമ്പത്തിക വർഷം മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് ഈ സംവിധാനം പ്രയോജനപ്പെടുത്തും.

മെയ് 31ന് മുമ്പായി മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതകർമസേന മുഖേനയുള്ള വാതിൽപ്പടി പാഴ്‌വസ്തു ശേഖരണ സേവനം ജനങ്ങൾക്ക് ലഭ്യമായി തുടങ്ങും. ഹരിതകർമസേനയുടെ രൂപീകരണവും പരിശീലനവും പൂർത്തിയായി. സേവനം ലഭിക്കുന്നതിൽ വീഴ്ചയുണ്ടായാൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും വിവരം ‘ഹരിതമിത്രം’ ആപ്പിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തെ അറിയിക്കാം.

സംസ്ഥാനത്ത് ദൈനംദിനം ഉണ്ടാകുന്ന മുനിസിപ്പൽ ഖരമാലിന്യത്തിന്റെ ആകെ അളവ്, അവയുടെ ശേഖരണം, സംസ്‌കരണം തുടങ്ങിയവ സംബന്ധിച്ച്‌ സ്ഥിതി വിവരം കൃത്യമായി മനസിലാക്കുന്നതിനും ശേഖരണത്തിലും സംസ്‌കരണത്തിലും ഉണ്ടാകുന്ന വീഴ്ചകൾ മനസിലാക്കുന്നതിനും ഇതിലൂടെ സാധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള വിവര ശേഖരണവും വിലയിരുത്തലും സാധ്യമാകും. സംസ്ഥാനത്താകെ ഒരു ദിവസം എത്ര വീടുകളിൽ ഹരിതകർമസേനയുടെ സേവനം ലഭ്യമായി, എത്ര വീടുകളിൽ നിന്നും യൂസർഫീ ലഭിച്ചു, ആകെ എത്ര അളവ് പാഴ്‌വസ്തുക്കൾ ശേഖരിച്ചു, അവയിൽ എത്ര അളവ് തരംതിരിച്ച്‌ വിൽപ്പനയ്ക്ക് തയ്യാറാക്കി, വിൽപനയിലൂടെ വരുമാനം എത്ര, സംസ്ഥാനത്തെ മുഴുവൻ മെറ്റീരിയൽ ശേഖരണ കേന്ദ്രങ്ങളിലുമായി എത്ര ടൺ സ്റ്റോക്ക് ഉണ്ട് തുടങ്ങിയ വിവരങ്ങളെല്ലാം ആപ്ലിക്കേഷനിൽ ലഭ്യമാകും. ശേഖരണത്തിൽ പിന്നാക്കം നിൽക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനമേത്, ജില്ലയേത് എന്നിവയെല്ലാം വിലയിരുത്തി പരിഹാരം കാണുന്നതിനും ഇതിലൂടെ സാധിക്കും.

ആപ്ലിക്കേഷന്റെ ഉപയോഗം സംബന്ധിച്ച പരിശീലനങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ 25ന് തുടക്കമാകും. ഏപ്രിൽ പകുതിയോടെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും 34,000 ൽ അധികം ഹരിതകർമ സേനാംഗങ്ങൾക്കും പരിശീലനം നൽകും. ആറുമാസം കെൽട്രോണിന്റെ മേൽനോട്ടം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കും. ഇതിനായി ബ്ലോക്ക് അടിസ്ഥാനത്തിൽ ഫെസിലിറ്റേറ്റർമാരെ നിയോഗിക്കും. കെൽട്രോൺ ജില്ലാ എൻജിനിയർമാർ, കില ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, ഫെസിലിറ്റേറ്റർമാർ, ഇൻഫർമേഷൻ കേരള മിഷൻ സാങ്കേതിക ഉദ്യോഗസ്ഥർ തുടങ്ങിയവർ വിവിധ തലങ്ങളിലെ പരിശീലനങ്ങൾക്ക് നേതൃത്വം നൽകും.

Advertisement