കൊല്ലം: അപൂർവ അർബുദ രോഗബാധിതനായ ഏഴ് വയസുകാരൻ രക്തമൂലകോശ ദാതാവിനെ തേടുന്നു. അഞ്ചൽ സ്വദേശി രഞ്ജിത്തിന്റെയും ആശയുടെയും മകൻ ശ്രീനന്ദനാണ് മജ്ജ സംബന്ധമായ കാൻസർ ബാധിച്ച് സഹായം തേടുന്നത്.
രക്തമൂലകോശങ്ങൾ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ പറയുന്നു. സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തിയാൽ മാത്രമേ ചികിത്സ നടത്താനാവൂ. യോജിക്കുന്ന രക്തമൂലകോശ ദാതാവിനെ ലഭിക്കാനുള്ള സാദ്ധ്യത പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്നുവരെയാണ്. കുടുംബത്തിൽ നിന്നോ ഡോണർ രജിസ്ട്രികളിലുള്ളവരിൽ നിന്നോ ദാതാവിനെ ലഭിച്ചിട്ടില്ല. കൂടുതൽ പേർ സന്നദ്ധ രക്തമൂലകോശ ദാതാവായി രജിസ്റ്റർ ചെയ്താൽ മാത്രമാണ് ഇനി ദാതാവിനെ കണ്ടെത്താനാകൂ.
മാർച്ച് 25 ന് തിരുവനന്തപുരത്ത് എകെജി സെൻററിനോട് ചേർന്നുള്ള ഹസൻ മരയ്ക്കാർ ഹാളിൽ വെച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താൻ ഒരു ക്യാമ്പ് നടത്തുന്നു. രാവിലെ 9.30 മുതൽ 5.30 നും ഇടയിൽ 15 നും -50 വയസിനും ഇടയിലുളള ഏതൊരാൾക്കും ഈ ക്യാമ്പിലെത്തി ശ്രീനന്ദനുമായുളള ജനിതക സാമ്യം പരിശോധിക്കാം. നിങ്ങളുടെ ഉമീനീർ മാത്രമേ എടുക്കു. നിങ്ങളുടെ രക്തമൂലം കോശം ശ്രീനന്ദനുമായി യോജിക്കുന്നതാണെങ്കിൽ കേവലം ഒരു കുപ്പി രക്തം മാത്രം നൽകിയാൽ മതി. ഈ കുരുന്നിന്റെ ചിരി എന്നും മായാതെ അവൻ നമുക്കൊപ്പം ഉണ്ടാവും.
രണ്ട് മാസങ്ങൾക്ക് മുൻപാണ് ശ്രീനന്ദന് രക്താർബുദം ബാധിച്ചത്. അന്ന് മുതൽ എറണാകുളത്തെ അമൃത ആശുപത്രിൽ ചികിൽസയിലാണ് .
അന്ന് മുതൽ രക്തം മാറ്റിവെച്ചാണ് ഇവർ ജീവൻ നിലനിർത്തുന്നത്. എന്നാൽ ഇപ്പോൾ കുട്ടിയുടെ ശരീരം രക്തം ഉൽപാദിപ്പിക്കുന്നില്ല. രക്തം ഉൽപാദിക്കുന്ന രക്തമൂലകോശം നശിച്ച് പോയിരിക്കുന്നു. ഇനി കുട്ടി ജീവിച്ചിരിക്കണമെങ്കിൽ രക്തമൂലകോശം മാറ്റിവെയ്ക്കൽ (Blood Stem Cell Transplant ) നടത്തിയെങ്കിൽ മാത്രമേ കഴിയു.
ഇവിടെയാണ് സങ്കീർണത. രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ( Genetic Match ) ആവശ്യമാണ്. പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതായത് യോജിച്ച രക്തമൂലകോശം കുടുംബക്കാരിൽനിന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും. വംശീയത, പാരമ്പര്യം, സംസ്കാരം എന്നിവയ്ക്ക് ഇവിടെ പ്രാധാന്യമുണ്ട്. ശ്രീനന്ദന്റെ രക്തമൂലകോശത്തോട് സാമ്യതയുളള ഒരാൾ ചിലപ്പോൾ ഇന്ത്യയിൽ എവിടെയെങ്കിലും ഉണ്ടായെന്ന് വരാം. ചിലപ്പോൾ ആ ദാതാവ് ലോകത്തിന്റെ ഏതോ കോണിലുണ്ടായിരിക്കാം.
ലോകത്ത് നിലവിലുളള രക്തമൂലദാതാക്കളുടെ donor registries ൽ ആയി ദശലക്ഷക്കണക്കിന് ആളുകളുടെ ജനിതക സാമ്യവും ശ്രീനന്ദനന്റെ ജനിതക സാമ്യവും ആയി ഒത്തുനോക്കിയെങ്കിലും നിരാശയാണ് ഫലം. നിലവിൽ കേരളത്തിലുളള ആറ് ലക്ഷം പേരുടെ പരിശോധന നടത്തി കഴിഞ്ഞു. എന്നാൽ ഈ കുരുന്നിന്റെ രക്തമൂല കോശത്തോട് സാമ്യതയുളള ഒരാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. വൈകുന്ന ഓരോ മണിക്കൂറും ശ്രീനന്ദന്റെ ജീവൻ അപകടത്തിലാവും.
കൂടുതൽ വിവരങ്ങൾക്കായി ശ്രീനന്ദന്റെ അച്ഛൻ രഞ്ജിത്ത് ബാബുവിന്റെ -7025006965 നമ്പരിലോ കുട്ടിയുടെ അമ്മാവനായ ജോയി – 94470 18061 എന്ന നമ്പരിലോ വിളിക്കാം.