ആരോഗ്യത്തിന് വളരെയേറെ പ്രാധാന്യമുള്ളതാണ് നെല്ലിക്ക. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും കണ്ണിനും മുടിയ്ക്കും തുടങ്ങി ശരീരത്തിന് അടിമുടി നെല്ലിക്ക പ്രയോജനകരമാണ്. ആയുർവേദ മരുന്നുകളിൽ പോലും നെല്ലിക്ക സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. വിറ്റാമിന്‍ സി, പോളിഫെനോള്‍സ്, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങളാണ് നെല്ലിക്കയുടെ ഈ സവിശേഷ മേന്മകൾക്ക് കാരണം.
ആരോഗ്യത്തിന് അത്രയേറെ പ്രയോജനമുള്ളതാണെങ്കിലും നെല്ലിക്കയെ എല്ലാവരുടെയും ശരീരം ഒരുപോലെയാണ് സ്വീകരിക്കുന്നതെന്ന് പറയാൻ കഴിയില്ല. ചിലർക്ക് ഇത് ദോഷകരമാകുമെന്നതിനാൽ, വൈദ്യോപദേശത്തോടെ നെല്ലിക്ക കഴിക്കണമെന്നും ചില ആരോഗ്യ അവസ്ഥകളുണ്ട്. നെല്ലിക്ക അമിതമായി കഴിച്ചാൽ ആർക്കൊക്കെ ദോഷകരമായി ബാധിക്കുമെന്നത് നോക്കാം.
കരള്‍ രോഗമുള്ളവർ
കരള്‍ രോഗികള്‍ അധികം നെല്ലിക്ക കഴിക്കുന്നത് നല്ലതല്ല. ഡോക്ടറുടെ നിർദേശപ്രകാരം പരിമിതമായ അളവില്‍ മാത്രം നെല്ലിക്ക കഴിക്കുക. ഇവർ നെല്ലിക്കയും ഇഞ്ചിയും ചേര്‍ത്തുള്ള ഉപയോഗം പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. നെല്ലിക്ക അമിതമായി കഴിക്കുന്നതിലൂടെ കരള്‍ എന്‍സൈമുകളുടെ അളവ് വർധിക്കുന്നതിനാൽ കരള്‍ സംബന്ധമായ അസുഖമുള്ളവരെ ഇത് ദോഷകരമായി ബാധിക്കാൻ സാധ്യത കൂടുതലാണ്.
രക്ത സംബന്ധമായ അസുഖമുള്ളവർ
ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കാൻ നെല്ലിക്ക ഉത്തമമാണെന്ന് ആയുർവേദം പറയുന്നു. രക്തം കട്ടപിടിക്കുന്നത് തടയാനുള്ള ഗുണങ്ങൾ ഇതിലടങ്ങിയിരിക്കുന്നതിനാലാണ്.എന്നാൽ, രക്തവുമായി ബന്ധപ്പെട്ട് അസുഖങ്ങളുള്ളവർ നെല്ലിക്ക കഴിക്കുന്നത് ഒഴിവാക്കണം.
നെല്ലിക്കയിലുള്ള ആന്റി പ്ലേറ്റ്ലെറ്റ് ഗുണങ്ങള്‍ രക്തം നേര്‍ത്തതാക്കാനും സാധാരണ രക്തം കട്ടപിടിക്കുന്നത് തടയുന്നതിലേക്കും നയിക്കുന്നു.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് നെല്ലിക്ക. ഇവ രക്തക്കുഴലിനുളളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകും. അതുവഴി രക്തയോട്ടം കൂട്ടും. ഇത് പലപ്പോഴും രക്തസമ്മര്‍ദ്ദം (ബ്‌സഡ് പ്രഷര്‍) കുറയാന്‍ കാരണമാകും. മൂക്കിലൂടെ രക്തസ്രാവം വരുന്ന രോഗമുളളവര്‍ക്ക് ഇത് രക്തസ്രാവം കൂടാന്‍ കാരണമാകും.
അതിനാല്‍ ഇത്തരം രോഗമുളളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം നെല്ലിക്ക കഴിക്കുക.
ബ്ലീഡിങ് ഡിസോര്‍ഡര്‍ ഉള്ളവരായാലും നെല്ലിക്ക കഴിയ്ക്കണമോ വേണ്ടയോ എന്ന് ഡോക്ടറോട് ചോദിച്ച് മനസിലാക്കുന്നതാണ് നല്ലത്
രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറവുള്ളവർ
നെല്ലിക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനാണ് സഹായിക്കുന്നത്. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് നെല്ലിക്ക ഗുണം ചെയ്യും. എന്നാൽ, രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറവുള്ളവര്‍ക്കും പ്രമേഹ വിരുദ്ധ മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും ഇത് വിപരീത ഫലമാണ് നൽകുന്നത്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിർദേശത്തോടെ മാത്രം ആവശ്യമെങ്കിൽ നെല്ലിക്ക ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം
ഹൈപ്പര്‍ അസിഡിറ്റിയുള്ളവർ
വിറ്റാമിന്‍ സി അടങ്ങിയിട്ടുളളതിനാല്‍ നെല്ലിക്ക അധികം കഴിച്ചാല്‍ അസിഡിറ്റിയുണ്ടാകാനുളള സാധ്യതയുണ്ട്. വെറും വയറ്റില്‍ നെല്ലിക്ക കഴിക്കുന്നതാണ് അസിഡിറ്റിക്ക് കാരണമാകുന്നത്.
ഹൈപ്പര്‍ അസിഡിറ്റി ഉള്ളവര്‍ക്കാകട്ടെ ഇത് ദോഷകരമായാണ് ഭവിക്കുക.
ശസ്ത്രക്രിയ നടത്തേണ്ടവർ
ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന ശരീരത്തിലേക്ക് നെല്ലിക്ക എത്തുന്നത് നല്ലതല്ല. കാരണം നെല്ലിക്കയിലെ ഘടകങ്ങൾ രക്തസ്രാവത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് ടിഷ്യു ഹൈപ്പോക്‌സെമിയ, ഗുരുതരമായ അസിഡോസിസ് അല്ലെങ്കില്‍ മള്‍ട്ടിഓര്‍ഗന്‍ ഡിഫക്ഷന്‍ എന്നിവയിലേക്കും നയിക്കും. ശസ്ത്രക്രിയ നടത്തുന്നതിന് കുറഞ്ഞത് 15 ദിവസം മുൻപെങ്കിലും നെല്ലിക്ക കഴിക്കുന്നത് ഒഴിവാക്കണം
വരണ്ട ചര്‍മമുള്ളവർ
നെല്ലിക്കയിലെ ചില സംയുക്തങ്ങൾ നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നതിനാൽ ഇത് ചർമത്തെ കൂടുതൽ വരണ്ടതാക്കും. നെല്ലിക്ക കഴിച്ചതിന് ശേഷം ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്.