കുഴിച്ചിട്ട നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Advertisement

തൃശൂർ ചേർപ്പ് മുത്തുള്ളിയാൽ തോപ്പിന് സമീപം കുഴിച്ചിട്ട നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല ചെയ്തശേഷം മൃതദേഹം കുഴിച്ചിട്ടതാണെന്നാണ് സൂചന.

ജില്ലാ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റേയുടെ നേതൃത്വത്തിൽ പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. വ്യാഴാഴ്ച രാവിലെ പശുവിനെ കെട്ടാനായി പോയ ആളാണ് മണ്ണ് ഇളകി കിടക്കുന്നതായും കുറച്ച് ഭാഗത്ത് മണ്ണ് മാറിക്കിടക്കുന്നതായും കണ്ടത്. ഇയാൾ പ്രദേശവാസികളായ മറ്റുള്ളവരെ വിവരമറിയിച്ച ശേഷം അവരോടൊപ്പം മടങ്ങിയെത്തിയപ്പോൾ നേരത്തേ മാറിക്കിടന്നിരുന്ന മണ്ണ് തിരികെ മൂടിയിട്ടതായും കണ്ടു. സംശയം തോന്നിയ നാട്ടുകാർ മണ്ണ് മാറ്റി നോക്കിയപ്പോൾ മണ്ണിനടിയിൽ ഹോളോ ബ്രിക്‌സ് കട്ടകൾ നിരത്തിയതായി കണ്ടെത്തി. കട്ടകൾ മാറ്റിനോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ കൈ കണ്ടത്. ഈ കയ്യിൽ ബാബു എന്ന് പച്ചകുത്തിയതായും കണ്ടു. തുടർന്ന് നാട്ടുകാർ ചേർപ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.