കൊച്ചി: സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് നടപ്പിലാക്കുന്ന സ്വനാരി ടെക്ക്സ്പ്രിൻറ് പരിപാടിയുടെ രണ്ടാ ഘട്ടത്തിൽ ഫെഡറൽ ബാങ്ക് പങ്കാളിയാവുന്നു.
സ്ത്രീകൾക്ക് കൂടുതൽ ഡിജിറ്റൽ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിനും അതുവഴി അവരെ ശാക്തീകരിക്കുകയും സ്വയംപര്യാപ്തരാക്കുകയും ചെയ്യുന്നതു ലക്ഷ്യമിട്ടുള്ളതാണ് സ്വനാരി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്വനിർഭർ നാരി പദ്ധതി.
സാമ്പത്തിക രംഗത്ത് സ്ത്രീകളേയും സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളേയും പിന്തുണയ്ക്കുന്നതിനും അവർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള മികവുറ്റതും സർഗാത്മകവും സുസ്ഥിരവുമായ പരിഹാര മാർഗങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ടെക്നോളജി മേളയാണ് ടെക്ക്സ്പ്രിൻറ്. ഫിൻടെക്ക് കമ്പനികൾ, ധനകാര്യ കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, വിഷയ വിദഗ്ധർ തുടങ്ങിയവർ ചേർന്ന് നൂതന പദ്ധതികൾ ആവിഷകരിക്കുന്നതാണ്.
പ്രധാനമായും സ്ത്രീകളായിരിക്കും പരിപാടി സംഘടിപ്പിക്കുന്നതും പങ്കെടുക്കുന്നതും. നിലവിൽ പരിഹാരം കാണേണ്ട ഏഴു വിഷയങ്ങളാണ് മേളയിൽ ചർച്ചയാകുക. പരിപാടിയിൽ സ്റ്റാർട്ടപ്പുകൾക്കും പങ്കെടുക്കാനുള്ള അവസരമുണ്ട്. ഏപ്രിൽ 18 മുതൽ 22 വരെയാണ് മേള സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കും വൊളണ്ടിയർമാർക്കും വേണ്ടി www.swanaritechsprint.in എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.
ഫെഡറൽ ബാങ്കിൻറെ അടിസ്ഥാന മൂല്യങ്ങളാണ് വൈവിധ്യം, എല്ലാവരേയും ഉൾക്കൊള്ളൽ എന്നിവ. അതുകൊണ്ടു തന്നെ സ്വനാരി പദ്ധതിയിൽ റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബുമായി കൈകോർക്കുന്നതിൽ ബാങ്കിന് വലിയ അഭിമാനമാണുള്ളത്.
അഞ്ചുലക്ഷം കോടി ഡോളർ മൂല്യമുള്ള ഒരു സമ്പദ് വ്യവസ്ഥയായി നമ്മുടെ രാജ്യത്തെ വളർത്താൻ സാമ്പത്തിക രംഗത്തെ സ്ത്രീശാക്തീകരണം വലിയ പങ്കുവഹിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഫിൻടെക്ക് സ്ഥാപനങ്ങളുമായി ചേർന്നുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഇതുപോലുള്ള പരിപാടികൾ മികച്ച വേദിയാണ് ഒരുക്കുന്നത്’- ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പ്രസ്താവിച്ചു.