സഹകരണ എക്സ്പോ ഏപ്രിൽ 18 മുതൽ 25 വരെ; പങ്കെടുക്കാൻ ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങൾ; സംഘാടക സമിതി രൂപികരിച്ചു

Advertisement

കൊച്ചി: ‘ഏപ്രിൽ 18ന് മറൈൻ ഡ്രൈവിൽ ആരംഭിക്കുന്ന സഹകരണ എക്‌സ്‌പോയുടെ സംഘാടക സമിതി രൂപീകരിച്ചു.

എറണാകുളം രൂപീകരണയോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. എക്സ്പോയിൽ അപ്പക്സ്, ജില്ലാ, പ്രാഥമികതലത്തിലുള്ള ഇരുന്നൂറിലധികം സഹകരണ സ്ഥാപനങ്ങൾ പങ്കെടുക്കും. സെമിനാറുകൾ, സംസ്‌ക്കാരിക പരിപാടികൾ, ശിൽപ്പശാലകൾ എന്നിവ സംഘടിപ്പിക്കും. വിപുലമായ ഫുഡ്കോർട്ടും ഒരുക്കും. ബിസിനസ് മീറ്റുകൾ ഇതോടൊപ്പം സംഘടിപ്പിക്കും. യോഗത്തിൽ ടി.ജെ വിനോദ് എംഎൽഎ അധ്യക്ഷനായി ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള, മുൻ സഹകരണവകുപ്പ് മന്ത്രി എസ്. ശർമ, സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ പി.ബി നൂഹ്, ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിൻ, സബ് കളക്ടർ പി. വിഷ്ണുരാജ്, എം. ബിനോയ്കുമാർ, കെ. സജീവ് കർത്ത, സഹകാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ചെയർമാനായ സംഘാടക സമിതിയിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കോ ചെയർമാനാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് വൈസ് ചെയർമാൻ. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ജനറൽ കൺവീനറും രജിസ്ട്രാർ പി.ബി നൂഹ് കൺവീനറും ഓഡിറ്റ് ഡയറക്ടർ എം.എസ് ഷെറിൻ ജോയിന്റ് കൺവീനറുമാണ്. എം.പിമാർ, കൊച്ചി മേയർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ തുടങ്ങി 144 പേർ അംഗങ്ങളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.

Advertisement