തിരുവനന്തപുരം: വയലാർ രാമവർമ്മയുടെ ജന്മ വാർഷിക ദിനത്തിൽ അദ്ദേഹവുമായുള്ള ഒരു യാത്രാനുഭവം മന്ത്രി ആന്റണി രാജു പങ്കുവെച്ചു. വർഷങ്ങൾക്കുമുൻപ് 1969 കാലഘട്ടം. കളമശ്ശേരി രാജഗിരി സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ ഇപ്പോൾ രാജ്കോട്ട് രൂപതാ ബിഷപ്പായ അന്നത്തെ സ്കൂൾ വാർഡൻ മാർ ഗ്രിഗറി കരോട്ടെബ്രേലുമായി എറണാകുളത്ത് ബസ് കാത്തു നിൽക്കുമ്പോൾ ഒരു കറുത്ത അംബാസഡർ കാർ അടുത്ത വന്നു നിന്നു. നോക്കുമ്പോൾ കാറിനുള്ളിൽ സാക്ഷാൽ വയലാർ രാമവർമ്മ. വയലാർ രാമവർമ്മയുടെ പുത്രൻ ശരത്ചന്ദ്രവർമ്മ കളമശ്ശേരി രാജഗിരി സ്കൂളിലെ വിദ്യാർഥിയായിരുന്നതിനാൽ വാർഡൻ അച്ചനെ വഴിയരികിൽ കണ്ട് വണ്ടി നിർത്തിയതാണ് അദ്ദേഹം.
വാർഡൻ അച്ചനോടൊപ്പം തന്നെയും വണ്ടിയിൽ കയറ്റി കളമശ്ശേരി സ്കൂളിൽ കൊണ്ടുചെന്നാക്കിയതും അദ്ദേഹത്തിന്റെ സ്നേഹപൂർവമുള്ള സംസാരത്തിന്റെയും ഓർമ്മകൾ ഇന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നതായി മന്ത്രി ആന്റണി രാജു പറഞ്ഞു. അന്നാണ് മഹാനായ കവിയെ ആദ്യമായി കാണുന്നത്. വയലാർ രാമവർമ്മ എന്ന മഹാനായ കവി മൺമറഞ്ഞിട്ട് ദശകങ്ങൾ ആയെങ്കിലും മലയാളികളുടെ മനസിൽ ഇന്നും അദ്ദേഹത്തിന്റെ മധുരഗാനങ്ങൾ പുതുമയോടെ നിലനിൽക്കുന്നു.
സഹൃദയരായ എല്ലാ മലയാളികളെയും പോലെ അദ്ദേഹത്തിന്റെ ഗാനങ്ങളുടെ വലിയ ആരാധകനാണ് താനിപ്പോഴും എന്ന് മന്ത്രി പറഞ്ഞു. വയലാർ രാമവർമ്മയുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന ചെയ്ത് പഴയ ഓർമ്മകൾ പങ്കു വെക്കുകയായിരുന്നു മന്ത്രി ആന്റണി രാജു. വി കെ പ്രശാന്ത് എംഎൽഎ യും നിരവധി സംഗീത പ്രേമികളും ചടങ്ങിൽ പങ്കെടുത്തു. സഹപാഠിയായ ശരത്ചന്ദ്ര വർമ്മയുമായി മന്ത്രി ആന്റണി രാജു ഇന്ന് ഫോണിൽ സംസാരിച്ച് പഴയ സ്മരണകൾ പങ്കുവച്ചു.