ചവറ: വിവാദങ്ങളിൽ നിന്നെല്ലാം മോചനം നേടിയ അമ്പിളി ദേവിയുടെ പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ രണ്ട് ആണ്മക്കൾക്ക് വേണ്ടിയാണ് അമ്പിളി ദേവി ഇപ്പോൾ ജീവിക്കുന്നത്. പെൺവേഷം കെട്ടിയ തന്റെ ആൺമക്കൾ കൊറ്റൻകുളങ്ങര ദേവിക്ക് മുന്നിൽ ചമയവിളക്കേന്തി നിൽക്കുന്നതിന്റെ ചിത്രങ്ങൾ അമ്പിളി ദേവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
തലയിൽ മുല്ലപ്പൂവും ആഭരണങ്ങളും അടക്കമുള്ള ചമയങ്ങളെല്ലാം അണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. തന്റെ രണ്ട് ആണ്മക്കളെയും നേർച്ചയുടെ ഭാഗമായി താരം പെൺവേഷം കെട്ടിച്ച് വിളക്കെടുക്കാൻ എത്തിച്ചിരുന്നു. ‘കൊറ്റൻകുളങ്ങര ദേവിയുടെ മുന്നിൽ മക്കളുടെ ചമയവിളക്ക്’ എന്ന തലക്കെട്ടോടെയാണ് അമ്പിളി ദേവി ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി പേർ ഇതിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ‘ആൺകുട്ടികൾ പെൺവേഷം കെട്ടിയതാണെന്ന് തോന്നുന്നില്ല, സുന്ദരന്മാർ സുന്ദരികളായി, മൂത്തയാൾ കുട്ടി അമ്പിളി തന്നെ’ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.
ആചാരവിശുദ്ധിയോടെ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കുത്സവം കഴിഞ്ഞ ദിവസമാണ് നടന്നത്. ദേവി പ്രീതിക്കായി ചമയവിളക്കെടുക്കുന്ന പുരുഷാംഗനമാർ നിരവധി പേരാണ് എല്ലാ വർഷവും ക്ഷേത്രത്തിൽ എത്തിച്ചേരാറുള്ളത്. ഉദ്ദിഷ്ടകാര്യത്തിനായി പുരുഷന്മാർ വ്രതം നോറ്റാണ് പെൺ വേഷം കെട്ടി കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്ക് എടുക്കുന്നത്. ചമഞ്ഞ് വിളക്കെടുത്താൽ മനസിലുള്ള ആഗ്രഹങ്ങൾ സാധിക്കുമെന്നാണ് ഇവിടത്തെ വിശ്വാസം.