കൊല്ലം: കോളേജ് വിദ്യാർഥികളുടെ പെരുമാറ്റം അതിരുവിട്ടതോടെ കെഎസ്ആർടിസി ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു.
കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസിലാണ് സംഭവം. തിരുവനന്തപുരം സ്വദേശികളായ വിദ്യാർഥിയും വിദ്യാർഥിനിയും ബസിൽ കയറി സീറ്റിൽ ഇരിക്കുകയും മറ്റു യാത്രക്കാർക്ക് അലോസരമുണ്ടാക്കും വിധം പെരുമാറുകയും ചെയ്യുകയായിരുന്നു. പ്രണയസല്ലാപം അതിരു കടന്നതോടെ സഹയാത്രക്കാർ വിവരം കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇതേക്കുറിച്ച് സംസാരിക്കാനെത്തിയ വനിതാ കണ്ടക്ടറോടും ഇരുവരും അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. വനിതാ കണ്ടക്ടർ ഉടൻ വിവരം കെ എസ് ആർ ടി സി അധികൃതരെ അറിയിക്കുകയും തുടർന്ന് ചാത്തന്നൂർ ഡിപ്പോയുമായി കൺട്രോൾ യൂണിറ്റ് ബന്ധപ്പെടുകയും ബസ് പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ നിർദേശിക്കുകയുമായിരുന്നു. തുടർന്ന് ബസ് ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെത്തി ഇരുവരെയും പൊലീസിന് കൈമാറി.
വനിതാ കണ്ടക്ടറുടെ പരാതിയിൽ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ബസിൻറെ ട്രിപ്പ് മുടക്കിയതിനും ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശികളായ യുവാവും യുവതിയും കൊല്ലത്തെ കോളേജിലാണ് പഠിക്കുന്നത്. കേസെടുത്ത ശേഷം പൊലീസ് ഇരുവരുടെയും വീട്ടുകാരെ വിളിച്ചുവരുത്തുകയും അവർക്കൊപ്പം വിടുകയും ചെയ്തു.