കൊല്ലം: ജോലി ചെയ്യാൻ സർക്കാർ സ്കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു.
ചിതറ സർക്കാർ സ്കൂളിലാണ് സംഭവം. മുൻ പഞ്ചായത്ത് പ്രസിഡൻറ് ഷിബു ലാലിൻറെ നേതൃത്വത്തിലുള്ള സംഘമാണ് 15ഓളം അധ്യാപകരെ സ്റ്റാഫ് റൂമിൽ പൂട്ടിയിട്ടത്. ഹൈക്കോടതി ഇടപെടലിനെത്തുടർന്നു സർക്കാർ, ജീവനക്കാരുടെ സമരത്തിനു ഡയസ്നോൺ ഏർപ്പെടുത്തിയതോടെയാണ് അധ്യാപകർ ഇന്നു ജോലിക്കു ഹാജരായത്.
രജിസ്റ്ററിൽ ഒപ്പിട്ടതിന് ശേഷം സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴാണ് 12ഓളം സമരക്കാരെത്തിയത്. ഇവർ അസഭ്യം പറഞ്ഞുവെന്ന് അധ്യാപകർ പറഞ്ഞു. തുടർന്നു മുറിയിൽനിന്നു പുറത്തിറങ്ങാൻ ശ്രമിക്കവേയാണ് അധ്യാപകരെ സമരക്കാർ മുറിയിൽ പൂട്ടിയിട്ടത്.
ഇവർ വിളിച്ചതനുസരിച്ചു സ്ഥലത്തു പോലീസ് എത്തിയിരുന്നുവെങ്കിലും അവരുടെ സാന്നിധ്യത്തിലും സമരക്കാർ അധ്യാപകരെ ചീത്തവിളിച്ചു. സംഭവം വാർത്തയാക്കിയാൽ സ്കൂളിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും സമരക്കാർ ഭീഷണി മുഴക്കി.