അച്ഛനെയും ചേട്ടനേയും പോലെ, മോഹൻലാലിന്റെ മകൾ വിസ്മയയ്ക്ക് സിനിമ അഭിനയത്തിനോടല്ല പ്രിയം. വരകളുടെയും എഴുത്തിന്റെയും നാടകാഭിനയത്തിന്റെയുമെല്ലാം ലോകത്താണ് വിസ്മയ. ഇതിനു പുറമേ തായ് ആയോധന കലയിലും വിസ്മയയ്ക്ക് ഏറെ താൽപ്പര്യമുണ്ട്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകൾ ഇടയ്ക്ക് വിസ്മയ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവക്കാറുണ്ട്.
ഇപ്പോഴിതാ തായ്‍ലാൻഡിലെ പൈ സന്ദര്‍ശത്തിന്റെയും കുങ്‍ഫു പരിശീലനത്തിന്റെയും വീഡിയോയും ഫോട്ടോകളുമാണ് വിസ്‍മയ പങ്കുവെച്ചിരിക്കുന്നത്.
“കുറച്ച് ആഴ്‌ചകൾ മാത്രം താമസിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്, പക്ഷേ ശരിക്കും കുങ്ഫു ആസ്വദിക്കാൻ തുടങ്ങി, പൈയുമായി പ്രണയത്തിലായി. മലനിരകളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കും പരിശീലനത്തിലേക്കുമായിരുന്നു ഞാൻ ഉണർന്നിരുന്നത്. അങ്ങനെ ഞാൻ എന്റെ താമസം നീട്ടിക്കൊണ്ടുപോയി.
ഞാൻ ആദ്യം അവിടെ എത്തിയപ്പോഴും തിരിച്ചു പോന്നപ്പോഴുമുള്ള വ്യത്യാസം നന്നായി മനസ്സിലാകുന്നുണ്ട്. പൈയിൽ, നാം യാങ്ങിൽ, കുങ്ഫു ചെയ്യുന്നത്, പ്രത്യേകിച്ച് രാവിലെയുള്ള ക്വിഗോംഗ് എന്റെ മനസ്സിനെയും ശരീരത്തെയും ശരിക്കും ശാന്തമാക്കി. ഇൻസ്ട്രക്ടർമാർ വളരെ ക്ഷമയോടെ പഠിപ്പിച്ചു. മാസ്റ്റർ എയിനും അദ്ദേഹത്തിന്റെ ടീമിനും നന്ദി “– വിസ്മയ സമൂഹമാധ്യമത്തിൽ കുറിച്ചു
തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വീഡിയോ വിസ്‍മയ 2020ലും പങ്കുവെച്ചിരുന്നു. ടോണി എന്നയാളില്‍ നിന്നാണ് വിസ്‍മയ ആയോധനകലയില്‍ പരിശീലനം നേടിയത്. അന്ന് വിസ്‍മയുടെ വീഡിയോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മോഹൻലാലിനെപ്പോലെ തന്നെ മകള്‍ വിസ്‍മയ്‍ക്കും ആക്ഷനില്‍ നല്ല താളമുണ്ടെന്ന് വീഡിയോ കണ്ടാല്‍ മനസ്സിലാകുമായിരുന്നു.
വിസ്‍മയ മോഹൻലാല്‍ ഒരു പുസ്‍തവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഗ്രെയിൻസ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പുസ്‍തകമാണ് പ്രസിദ്ധീകരിച്ചത്. പുസ്‍തകം വൻ ഹിറ്റായി മാറിയിരുന്നു. അമിതാഭ് ബച്ചൻ അടക്കമുള്ളവര്‍ വിസ്‍മയയുടെ പുസ്‍തകത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.