കൊടുങ്ങല്ലൂർ ഭരണിമഹോത്സവത്തിന് നാടൊരുങ്ങി

Advertisement

കൊടുങ്ങല്ലൂർ:ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണിമഹോത്സവത്തിന് ഒരുങ്ങി നാട്.

അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി.വി ആർ സുനിൽകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ യോഗ തീരുമാനങ്ങൾ നടപ്പാക്കിയതായി അവലോകനയോഗം വിലയിരുത്തി. ക്ഷേത്രദർശനം നടത്തുന്നതിന് ഏപ്രിൽ ഒന്നു മുതൽ ക്യൂ സിസ്റ്റം ഏർപ്പെടുത്തും. ഇവിടെ പോലീസ് ടീമിന്റെ സാന്നിധ്യം ഉറപ്പുവരുത്തും.ദേവിവിഗ്രഹത്തിൽ സ്വർണാഭരണങ്ങൾ ചാർത്തുന്നതിനാൽ അന്നു മുതൽ ക്ഷേത്രത്തിനകത്തും പൊലീസിനെ നിയോഗിക്കും.

തീർഥാടക തിരക്ക് വർധിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ അതാത് സമയത്തു തന്നെ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകൾ തമ്മിൽ ഏകോപിപ്പിച്ച്‌ പ്രവർത്തിക്കുന്നതിന്‌ എംഎൽഎ, നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ തുടങ്ങിയ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.

ഭരണിക്കാവിലും പുറത്തും ഹോട്ടലുകളിലും ചായക്കടകളിലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പരിശോധന നടത്തു. ഭക്ഷണത്തിന്റെയും അവ പാകം ചെയ്യുന്ന വെള്ളത്തിന്റെയും ഗുണമേൻമ ഉറപ്പുവരുത്തുന്നതിനായിട്ടാണ് പരിശോധന നടത്തുന്നത്. വിലനിലവാരം കടകൾക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ, ഇരിങ്ങാലക്കുട ആർഡിഒ എം എച്ച്‌ ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.