ആർദ്രകേരളം പുരസ്‌കാരം കൊല്ലം ജില്ലാ പഞ്ചായത്തിനും കൊല്ലം കോർപ്പറേഷനും ലഭിച്ചു

Advertisement

കൊല്ലം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ 2020-21 വർഷത്തെ ആർദ്രകേരളം പുരസ്‌കാരം കൊല്ലം ജില്ലാ പഞ്ചായത്തിനും കൊല്ലം കോർപ്പറേഷനും ലഭിച്ചു .ജില്ലാ പഞ്ചായത്തുകളുടെയും കോർപ്പറേഷനുകളുടെയും വിഭാഗങ്ങളിലാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

മുനിസിപ്പാലിറ്റികളുടെ വിഭാഗത്തിൽ കരുനാഗപ്പള്ളി നഗരസഭ മൂന്നാം സ്ഥാനത്തെത്തി. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ആർദ്രകേരളം പുരസ്‌കാരം നൽകുന്നത്.

തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകല്പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയാണ് അവാർഡിനായി പരിഗണിക്കുന്നത്. ഇതുകൂടാതെ പ്രതിരോധ കുത്തിവയ്പ്പ്, വാർഡുതല പ്രവർത്തനങ്ങൾ, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പിലാക്കിയ നൂതനമായ ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയവയും പരിഗണിച്ചു.

കൊല്ലം കോർപ്പറേഷനും ജില്ലാ പഞ്ചായത്തിനും സമ്മാനത്തുകയായി 10 ലക്ഷം രൂപ വീതം ലഭിക്കും. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക . ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ പഞ്ചായത്തുകൾക്കുള്ള ജില്ലാതല പുരസ്കാരത്തിന് പൂതക്കുളം, തഴവ, തൊടിയൂർ ഗ്രാമപഞ്ചായത്തുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. യഥാക്രമം അഞ്ച്, മൂന്ന്, രണ്ട് ലക്ഷം രൂപ വീതം ഈ പഞ്ചായത്തുകൾക്ക് സമ്മാനമായി ലഭിക്കും.