തൃശൂർ: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ എറിയാട് ഐ ടി ഐയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 22ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും.
ഒരു കോടി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ അധ്യക്ഷതയിൽ സ്വാഗത സംഘ രൂപീകരണ യോഗം ചേർന്നു.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കയ്പമംഗലം മണ്ഡലത്തിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് എറിയാട് ഐ ടി ഐ യുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമെന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു.
ഐ ടി ഐ പ്രിൻസിപ്പൽ സൗജ എം എ സ്വാഗതം പറഞ്ഞ യോഗത്തിൽ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, വൈസ് പ്രസിഡന്റ് പ്രസീന റാഫി, ചാലക്കുടി നോഡൽ ഐ ടി ഐ പ്രിൻസിപ്പൽ രാജേഷ് ചന്ദ്രൻ, എറിയാട് സി ഡി എസ് ചെയർപേഴ്സൺ ജമീല അബൂബക്കർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി എ കൊച്ചുമൊയ്തീൻ, ഐ ടി ഐ സ്റ്റാഫ് സെക്രട്ടറി രമ്യ. എ. ആർ എന്നിവർ പങ്കെടുത്തു.