റോഡുകളിൽ മിഴി തുറന്ന് നിയമലംഘനം പിടികൂടുന്ന 700 ക്യാമറകൾ

Advertisement

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ മിഴി തുറന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച്‌ പ്രവർത്തിക്കുന്നതാണ് ഈ ക്യാമറകൾ. ഓട്ടമാറ്റിക്കായി നിയമലംഘനം പിടികൂടുന്ന ക്യാമറകളാണ് സംസ്ഥാനത്തിന്റെ വിവിദ ഭാഗങ്ങളിലായി ഒരുക്കിയത്.

മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകൾക്കു പുറമേയാണു പുതിയവ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഇത്തരം 700 ക്യാമറകൾ സ്ഥാപിക്കുന്നത് ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. കെൽട്രോണാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിലുള്ള ട്രാഫിക് നിയമലംഘനങ്ങളും പാർക്കിങ് നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി ഈ ക്യാമറകൾ ക്രമീകരിക്കും. സൗരോർജം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി മുടക്കം തടസ്സമാകില്ല.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലയിലെ വിവിധ പാതകളിൽ 49 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. ഇതിൽ ആദ്യ ഘട്ടത്തിൽ സ്ഥാപിച്ച 16 ക്യാമറകളാണ് പ്രവർത്തിച്ചുതുടങ്ങിയത്.

ഹെൽമറ്റ് ധരിക്കാത്തതും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നതുമായ ഇരുചക്രവാഹനങ്ങളുടെ ദൃശ്യം ക്യാമറയിൽ പതിയും. ക്യാമറകൾ വാഹനങ്ങളുടെ നമ്പർ തിരിച്ചറിയും. കൺട്രോൾ റൂമിലെ കംപ്യൂട്ടറുകളിൽ നിന്ന് നിയമലംഘകർക്കുള്ള പിഴത്തുക അടങ്ങുന്ന ചലാൻ ഓട്ടമാറ്റിക്കായി തയാറാകും. 800 മീറ്റർ പരിധിയിലുള്ള നിയമ ലംഘനങ്ങൾ വരെ ക്യാമറയിൽ ഒപ്പിയെടുക്കാൻ സാധിക്കും. 4 മീറ്റർ ഉയരത്തിലുള്ള തൂണിലാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങൾ മുൻ ഗ്ലാസിലൂടെ ക്യാമറ പകർത്തും.

ഡ്രൈവറും സഹയാത്രികനും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോയെന്ന ദൃശ്യം ക്യാമറ നൽകും. യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ക്യാമറയിലൂടെ പിടികൂടാനാകും. കാസർകോട്കാഞ്ഞങ്ങാട് സംസ്ഥാന പാത, തെക്കിൽആലട്ടി റോഡ്, മാവുങ്കാൽ പാണത്തൂർ, ചെർക്കളജാൽസൂർ, ചെർക്കളപെർള പാതകളിലും കാസർകോട്, കാഞ്ഞങ്ങാട്,നീലേശ്വരം ഉൾപ്പെടെയുള്ള ജില്ലയിലെ പ്രധാന നഗരങ്ങളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

മിക്ക സംസ്ഥാനങ്ങളും ഗതാഗതനിയമലംഘനങ്ങളുടെ കാര്യത്തിൽ കർശന നിലപാടാണ് എടുക്കുന്നതെന്നും കേരള സർക്കാർ അതിൽനിന്നു പിന്മാറരുതെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. നിയമം കൃത്യമായി നടപ്പാക്കിയാൽ 71% അപകടങ്ങളും ഒഴിവാക്കാനാകും. 43% അപകടങ്ങളും 50% മരണവും നടന്നത് ദേശീയപാതകളിലാണ്.

ഈ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയാൽ അപകടനിരക്ക് കുറയ്ക്കാം. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുക, അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിങ്, അലക്ഷ്യമായ ഡ്രൈവിങ് എന്നിവയ്ക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം.

Advertisement