സത്യസന്ധ; അർപ്പണബോധമുളള ഫൊറൻസിക് വിദഗ്ധ’; രമയെ അനുസ്മരിക്കുന്ന അഭിഭാഷകന്റെ കുറിപ്പ് വൈറൽ

Advertisement

തിരുവനന്തപുരം: പ്രമുഖ ഫൊറൻസിക് വിദഗ്ധയും ചലച്ചിത്രതാരം ജഗദീഷിന്റെ ഭാര്യയുമായ ഡോ. രമയെ അനുസ്മരിച്ച്‌ ഹൈക്കോടതി അഭിഭാഷകൻ അജിത് കുമാർ.

പ്രോസിക്യൂഷന് എന്നും കരുത്തായിരുന്നു ഫൊറൻസിക് വിദഗ്ധ എന്ന നിലയിൽ ഡോ. രമയുടെ റിപ്പോർട്ടുകളെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച ദീർഘമായ കുറിപ്പിൽ അഭിഭാഷകൻ അജിത് കുമാർ പറഞ്ഞു.

അജിത് കുമാറിന്റെ വാക്കുകൾ

ഇന്നാണ് ഡോ. രമയുടെ മരണവാർത്ത വന്നത്. കുറച്ചു നാളുകളായി രോഗാവസ്ഥയിലായിരുന്നു അവർ. ഒന്നു രണ്ടു കൊലപാതക കേസുകളിൽ ഫൊറൻസിക് വിദഗ്ധ എന്ന നിലയിൽ സാക്ഷിക്കൂട്ടിൽ വച്ച്‌ ഞാൻ അവരെ കണ്ടിട്ടുണ്ട്. അർപ്പണബോധമുളള ഫൊറൻസിക് വിദഗ്ധയായിരുന്നു അവർ. കോടതിയിൽ ഹാജരാകുന്നതിനു മുമ്പെ പ്രോസിക്യൂഷൻ കേസും ഡിഫൻസ് കേസും പ്രതിഭാഗം വക്കീലിനെക്കുറിച്ചും അവർ കൃത്യമായി അന്വോഷിക്കം. അവരുടെ പ്രസ്താവനകളെ പൊട്ടിക്കുക എളുപ്പമല്ലായിരുന്നു. അവരെ ക്രോസ് വിസ്താരം ചെയ്യുക എന്നത് വളരെയേറെ ആസ്വാദ്യകരമായിരുന്നു.

ഡോ. പരീഖ്, ഡോ. ബർണാഡ് അല്ലെങ്കിൽ അവരുടെ തന്നെ പ്രഫസർ ഉമാദത്തൻ… അങ്ങനെ ആരെയെങ്കിലും ഉദ്ധരിച്ചു ചോദിച്ചാലും പോസ്റ്റ്‌മോർട്ടം ടേബിളിൽ അവർ കണ്ടെത്തിയ തെളിവുകൾ വച്ച്‌ അവർ പ്രതിരോധിക്കും. അവർ എപ്പോഴും പ്രോസിക്യൂഷനോടു ചേർന്നു നിന്നു. പ്രോസിക്യൂഷൻ ദുർബലമാകാതിരിക്കാനുളള കടമ ഒരു ഫൊറൻസിക് വിദഗ്ധനുണ്ടെന്ന് അടിവരയിടുന്നതായിരുന്നു അവർ ഹാജരാക്കിയിരുന്ന തെളിവുകൾ.

വിചാരണക്കോടതിയിലെ ജഡ്ജിമാർക്ക് ഡോ. രമയുടെ തെളിവുകളെ കുറിച്ച്‌ വലിയ മതിപ്പായിരുന്നു. സത്യസന്ധതയും പ്രൊഫഷനൽ കഴിവുകളും ഒരുപോലെ ഒത്തിണങ്ങിയ ഒരു സ്ത്രീയായിരുന്നു അവർ. അഭയ കേസിൽ അവർ ഒരുപാട് വിമർശനങ്ങൾ നേരിട്ടു. വിചാരണ ആരംഭിച്ചപ്പോൾ സാക്ഷിക്കൂട്ടിൽ ഹാജരാകാൻ വിധി അവരെ അനുവദിച്ചില്ല. പക്ഷേ അവരുടെ റിപ്പോർട്ട് അവർക്ക് പരിചയമുളള മറ്റൊരു ഡോക്ടറുടെ കയ്യൊപ്പോടെ കോടതി സ്വീകരിച്ചു.

സിബിഐക്കു വേണ്ടി ജസ്റ്റിസ് സുനിൽ തോമസിനു മുമ്പിൽ ആ റിപ്പോർട്ട് ശക്തിയുക്തം പ്രതിരോധിക്കാനുളള അവസരം എനിക്ക് ലഭിച്ചു. എന്റെ വളരെ അടുത്ത കുടുംബ സുഹൃത്തായിരുന്നു അവർ. അവരുടെ വേർപാടിൽ ഭർത്താവ് ജഗദീഷിന്റെ വേദനയിൽ പങ്കുചേരുന്നു.