ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ജനറേറ്റർ കത്തി; കാലപ്പഴക്കം മൂലമമെന്ന് കെഎസ്‌ഇബി

Advertisement

പത്തനംതിട്ട: ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ആറാം നമ്പർ ജനറേറ്റർ കത്തി. ഇതോടെ 60 മെഗാ വാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും.

നേരത്തേ നാലാം നമ്പർ ജനറേറ്റർ കത്തിയിരുന്നു. അന്നും 55 മെഗാവാട്ടിന്റെ ഉൽപാദനക്കുറവുണ്ടായിരുന്നു. ആറാം നമ്പർ കത്തിയതോടെ മൊത്തം 115 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. ലോഡ്‌ഷെഡിങ് വേണ്ടി വരില്ലെന്നാണ് സൂചന.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. തീ പടരുന്നതു ശ്രദ്ധയിൽപെട്ട ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്നു തീ അണച്ചു. ഒരു വർഷം മുൻപും ആറാമത്തെ ജനറേറ്ററിനു തീപിടിച്ചിരുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ ആകെ ആറ് ജനറേറ്ററാണുള്ളത്. ഇതിൽ നാലാമത്തെ ജനറേറ്റർ കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തന രഹിതമാണ്.

കാലപ്പഴക്കം മൂലമാണു പ്രശ്‌നമുണ്ടായതെന്ന് കെഎസ്‌ഇബി അറിയിച്ചു. വീണ്ടും പ്രവർത്തിക്കാനാകുമോയെന്നു പറയാൻ സാധിക്കില്ല. ജനറേറ്റർ അടുത്ത വർഷം മാറ്റാനിരുന്നതാണെന്നും കെഎസ്‌ഇബി അറിയിച്ചു.