കടന്നുപോയത് 1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ മാർച്ച്‌

Advertisement

ന്യൂഡൽഹി ∙ കടന്നുപോയത് 1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ മാർച്ചെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) വിശകലനത്തെ ഉദ്ധരിച്ച്‌ റിപ്പോർട്ട്.

ശരാശരി പരമാവധി താപനില 33.10 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണയേക്കാൾ 1.86 ഡിഗ്രി സെൽഷ്യസ്‍ കൂടുതലാണ്. വടക്കുപടിഞ്ഞാറൻ പ്രദേശത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പരമാവധി ശരാശരിയും രേഖപ്പെടുത്തി. സാധാരണയേക്കാൾ 3.91 ഡിഗ്രി സെൽഷ്യസ്‍ കൂടുതലാണിത്.

അതേസമയം, രാജ്യത്തെ ശരാശരി മഴയിൽ ദീർഘകാല ശരാശരിയേക്കാൾ 71 ശതമാനം കുറവുണ്ടായി. മാർച്ച്‌ മാസത്തിൽ രാജ്യത്ത് ശരാശരി 8.9 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഇത് ദീർഘകാല ശരാശരിയായ 30.4 മില്ലിമീറ്ററിനേക്കാൾ 71 ശതമാനം കുറവാണ്. 1901ന് ശേഷമുള്ള മൂന്നാമത്തെ ഏറ്റവും കുറഞ്ഞ മഴയാണ് കഴിഞ്ഞ മാസം പെയ്തത്. 1909ലും (7.2 മില്ലിമീറ്റർ) 1908ലും (8.7 മില്ലിമീറ്റർ) ആണ് ഇതിനു മുൻപ് കുറവുണ്ടായത്.