റെക്കോർഡ് തുക വായ്‌പ നൽകി വനിതാ വികസന കോർപറേഷൻ

Advertisement

തിരുവനന്തപുരം: ഗുണഭോക്താക്കൾക്ക് റെക്കോർഡ് തുക വായ്പ നൽകാൻ കേരള സംസ്ഥാന വനിതാ വികസന കോർപറേഷന് കഴിഞ്ഞെന്ന് മന്ത്രി വീണാ ജോർജ്.

2021-2022 സാമ്പത്തിക വർഷത്തിൽ വനിതാ വികസന കോർപ്പറേഷൻ 165.05 കോടി രൂപ വായ്പയാണ് വായ്പ നൽകിയത്. 11,866 വനിതാ ഗുണഭോക്താക്കൾക്കായാണ് ഈ തുക വായ്പ നൽകിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

34 വർഷത്തെ പ്രവർത്തനത്തിൽ കോർപറേഷൻ വായ്പ നൽകുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഈ സാമ്പത്തികവർഷം തിരിച്ചടവുകളിലായി 112 കോടി രൂപ കോർപറേഷന് ലഭിക്കുകയും ചെയ്തു. വനിത വികസന കോർപറേഷന് നൽകുന്ന ഉയർന്ന സർക്കാർ ഗ്യാരന്റിയാണ് ഇത്രയേറെ പേർക്ക് വായ്പ നൽകാൻ സാധ്യമായത്. ചുരുങ്ങിയ കാലം കൊണ്ട് റെക്കോർഡ് വായ്പ നൽകിയ വനിതാ വികസന കോർപറേഷൻ മാനേജ്മെന്റിനേയും ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.

സംസ്ഥാനത്തെ സ്ത്രീകളുടെ സമഗ്ര ശാക്തീകരണം, സാമ്പത്തിക സ്വാശ്രയത്വം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് 1988ൽ സ്ഥാപിതമായതാണ് കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ. സാമ്പത്തികമായി പിന്നോക്കം നിൽകുന്ന സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ സംരംഭക, വിദ്യാഭ്യാസ വായ്പകൾ കോർപറേഷൻ ലഭ്യമാക്കുന്നുണ്ട്. സൂക്ഷ്മ, ചെറുകിട സംരംഭ മേഖലയിലെ വനിതാ സംരംഭകർക്ക് 30 ലക്ഷം രൂപ വരെ 6 ശതമാനം പലിശ നിരക്കിൽ കോർപറേഷൻ വായ്പയായി നൽകുന്നുണ്ട്. സ്ത്രീകൾക്കും സ്വയംസഹായ സംഘങ്ങൾക്കും ഇതിന്റെ ഗുണഭോക്താക്കളാകാം. കൂടാതെ വിദ്യാഭ്യാസ വായ്പയും കോർപറേഷൻ അനുവദിക്കുന്നുണ്ട്.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സ്ത്രീകളുടെ ഉന്നമനത്തിനായി വലിയ പ്രവർത്തനങ്ങളാണ് കോർപറേഷൻ നടത്തുന്നത്. വായ്പകൾ കൂടാതെ, സ്ത്രീ സുരക്ഷ, വനിതാ ക്ഷേമം എന്നീ മേഖലകളിലും കോർപ്പറേഷൻ ഇടപെട്ടു പ്രവർത്തിക്കുന്നുണ്ട്. സ്ഥാപനത്തിനു കീഴിലുള്ള റീച്ച്‌ ഫിനിഷിങ് സ്കൂളിൽ വനിതകൾക്കായി വിവിധ സർട്ടിഫിക്കേഷൻ കോഴ്സുകൾ നൽകുന്നുണ്ട്. അടുത്ത കാലത്തായി 6,500 ഓളം വനിതകൾക്കാണ് പരിശീലനം നൽകിയത്.

Advertisement