അടൂര്‍.വാട്സാപ് ഗ്രൂപ്പിലെ ചര്‍ച്ചയില്‍ വ്യക്തപരമായ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘട്ടനമായി വീഴ്ചയില്‍
തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു.
മാരൂര്‍ കൊടിയില്‍ രണജിത്ത് ഭവനില്‍ രണജിത്ത്(43) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.പത്രം ഏജന്‍റ് ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മാരൂര്‍ അനീഷ് ഭവനില്‍ അനിലിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ പിടികൂടിയിട്ടില്ല.
മാര്‍ച്ച 27ന് രാത്രിയിലാണ് സംഭവം നടന്നത്. ചങ്ങാതിക്കൂട്ടം എന്ന വാട്സാപ് ഗ്രൂപ്പിലെ ചര്‍ച്ചയ്ക്കിടയില്‍ വ്യക്തിപരമായ പരാമര്‍ശത്തെ തുടര്‍ന്ന് രണജിത്തും അയല്‍വാസികളായ യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായി.
അതേ തുടര്‍ന്ന് അയല്‍വാസിയായ അനില്‍ രണജിത്തിനെ ഫോണിലൂടെ വെല്ലുവിളിച്ചു. ഉടന്‍ തന്നെ വീട്ടിലേക്കു ചെന്ന രണജിത്തും അനിലും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ രണജിത്തിനെ പിടിച്ചു തള്ളിയപ്പോള്‍ കല്ലില്‍ തലയിടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റതെന്ന് പൊലീസ് .
ഉടന്‍ തന്നെ രണജിത്തിനെ അനിലും സംഘവും ചേര്‍ന്ന് പത്തനാപുരത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു.
പക്ഷെ പിന്നീട് നില വഷളായതിനെ തുടര്‍ന്ന് പുനലൂരുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതീവ ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ രണജിത്ത് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങി.
വീണസമയത്ത് തല കല്ലില്‍ ശക്തമായി ഇടിച്ചപ്പോഴുണ്ടായ മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പൊലീസ് പറഞ്ഞു.
രണജിത്തിന്റെ ഭാര്യ സജിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനിലിന്റെ പേരില്‍ പൊലീസ് കേസെടുത്തത്. സംസ്‌കാരം ഇന്ന് രാവിലെ നടക്കും.