തിരുവനന്തപുരം : ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ റേഷൻ വിതരണ ക്രമക്കേടുകളും ജീവനക്കാർക്ക് എതിരായ പരാതികളും അന്വേഷിക്കുന്ന ഏക വിജിലൻസ് സെൽ നിർത്തലാക്കുന്നു.
പകരം തെക്ക്, മധ്യം, വടക്ക് മേഖലകളാക്കി തിരിച്ചു വകുപ്പിലെ മൂന്നു ഡപ്യൂട്ടി റേഷനിങ് കൺട്രോളർമാർക്കു വിജിലൻസിന്റെ അധികച്ചുമതല നൽകും. സിവിൽ സപ്ലൈസ് കമ്മിഷണർ ഇതു സംബന്ധിച്ചു സമർപ്പിച്ച ശുപാർശ സർക്കാർ അംഗീകരിച്ചേക്കും.
നിലവിൽ കൊല്ലത്തും കോഴിക്കോട്ടും തെക്കൻ, വടക്കൻ മേഖലകളിലായി റേഷൻ സംബന്ധമായ പരിശോധനകൾ നടത്താൻ രണ്ടു ഡപ്യൂട്ടി റേഷനിങ് കൺട്രോളർമാർ വകുപ്പിലുണ്ട്. ഇതിനു പുറമേ തൃശൂരിലോ പാലക്കാട്ടോ പുതിയ മേഖല സൃഷ്ടിച്ച് മറ്റൊരു ഡപ്യൂട്ടി കൺട്രോളറെ ചുമതല ഏൽപിക്കും. വിജിലൻസ് സെല്ലിന്റെ ഓഫിസറായ ഇപ്പോഴത്തെ ഡപ്യൂട്ടി കൺട്രോളർ ഏതെങ്കിലുമൊരു മേഖലയുടെ ചുമതലയിലേക്ക് ഒതുങ്ങും എന്നാണു സൂചന.
രണ്ടു പതിറ്റാണ്ടോളമായി തിരുവനന്തപുരത്ത് സിവിൽ സപ്ലൈസ് കമ്മിഷണറുടെ ഓഫിസിനു താഴെ പ്രവർത്തിച്ചിരുന്ന വിജിലൻസ് സെൽ ഓഫിസിന്റെ പ്രവർത്തനം ഇതോടെ അവസാനിപ്പിക്കും.