കെ സ്വിഫ്റ്റ് ആദ്യ സർവീസ് തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക്; ഏപ്രിൽ 11ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

Advertisement

തിരുവനന്തപുരം; കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്‌ആർടിസി- സിഫ്റ്റിന്റെ (K Swift) ബസ് സർവ്വീസ് ഏപ്രിൽ 11 ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് തുടക്കം കുറിക്കും. ആദ്യ സർവ്വീസ് തിരുവനന്തപുരത്ത് നിന്നും ബാം​ഗ്ലൂരിലേക്കാണ്.
ഇതോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പട്ടണങ്ങളിലേക്ക് സിഫ്റ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബസുകളുടെ സർവ്വീസുകളും ആരംഭിക്കും. ഇതിന് വേണ്ടിയുള്ള ഓൺലൈൻ റിസവർവേഷൻ സംവിധാനം ഉടൻ തന്നെ ലഭ്യമാക്കും. അന്തർ സംസ്ഥാന സർവ്വീസുകൾക്കാണ് കെഎസ്‌ആർടിസി – സിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോ​ഗിക്കുക.

തമ്ബാനൂർ കെഎസ്‌ആർടിസി ടെർമിനലിൽ വെച്ച്‌ നടക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി. ശിവൻകുട്ടിയും, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 12 ന് ബാ​ഗ്ലൂരിൽ നിന്നുള്ള മടക്ക സർവ്വീസ്, ബാ​ഗ്ലൂരിൽ വെച്ച്‌ വൈകുന്നേരം മൂന്ന് മണിക്ക് കേരള ​ഗതാ​ഗത മന്ത്രി ആന്റണി രാജു ഫ്ലാ​ഗ് ഓഫ് ചെയ്യും. അന്നേ ദിവസം ബാ​ഗ്ലൂരിലെ മലയാളികളുടെ യാത്രാ പ്രശ്നങ്ങൾ, ബാ​ഗ്ലൂർ മലയാളി സംഘടനകളുമായി മന്ത്രി ചർച്ച ചെയ്യുകയും ചെയ്യും.

സർക്കാർ പദ്ധതി വിഹിതം ഉപയോ​ഗിച്ച്‌ വാങ്ങിയ 116 ബസുകളിൽ 99 ബസുകളുടെ രജിസ്ട്രേഷൻ നടപടി പൂർത്തിയായി ഇതിനോടകം ആനയറയിലെ കെഎസ്‌ആർടിസി- സിഫ്റ്റിന്റെ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. പെർമിറ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിച്ച്‌ വരുകയാണ്. ഇവിടെ എത്തിച്ചേർന്ന 99 ബസുകളിൽ 28 എ.സി ബസുകളാണ്. അതിൽ ബസുകൾ 8 എണ്ണം എ.സി സ്ലീപ്പറും , 20 ബസുകൾ എ.സി സെമി സ്ലീപ്പർ ബസുകളുമാണ്. കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിൽ ഇറക്കുന്നത്.

കെഎസ്‌ആർടിസി- സിഫ്റ്റിന്റെ ബസുകളിൽ മികച്ച നിലവാരത്തിലുള്ള ഒരു യാത്രാനുഭവം പ്രദാനം ചെയ്യുന്നതായിരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.