തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിലെ ഓട്ടം തുള്ളൽ പ്രതിഷേധം കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. എൽപിഎസ്ടി വനിത ഉദ്യോഗാർഥികളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായാണ് ഉദ്യോഗാർത്ഥി ഓട്ടം തുള്ളൽ അവതരിപ്പിച്ചത്.
ഉദ്യോഗാർഥികളുടെ അവസ്ഥ വിവരിച്ചായിരുന്നു ഓട്ടംതുള്ളൽ. ഓട്ടംതുള്ളലിനൊടുവിൽ തന്റെ ദയനീയാവസ്ഥ വിവരിച്ച് ഉദ്യോഗാർത്ഥി പൊട്ടിക്കരഞ്ഞു.
മലപ്പുറം സിവിൽസ്റ്റേഷനു മുന്നിൽ 92 ദിവസം രാപ്പകൽ നിരാഹാരസമരം നടത്തിയ ശേഷമാണ് മലപ്പുറം കേന്ദ്രമായി അപേക്ഷിക്കുകയും പരീക്ഷ എഴുതുകയും ചെയ്ത ലോവർ പ്രൈമറി സ്‌കൂൾ ടീച്ചേഴ്‌സ് ( എൽ.പി.എസ്.ടി,516/2019 ) ഉദ്യോഗാർത്ഥികൾ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹ സമരത്തിനെത്തിയത്.
21 ദിവസമായി അവർ സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്നു. പെൺകുട്ടികളാണ് ഭൂരിഭാഗവും.സർക്കാർ ഉദ്യോഗാർഥികളോട് കാണിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന് ഉദ്യോഗാർഥികൾ പ്രതികരിച്ചു.
ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രകടന പത്രികയിൽ ഉറപ്പ് നൽകിയ സർക്കാരിന്റെ ഭാഗത്ത് നിന്നാണ് ഇത്തരം അനീതി നേരിടേണ്ടി വരുന്നത്.
കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടുപോലും സർക്കാർ ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാവുന്നില്ലെന്ന് ഉദ്യോഗാർഥികൾ പ്രതികരിക്കുന്നു.
നിരവധി മന്ത്രിമാരുമായി ഉദ്യോഗാർഥികർ ചർച്ച നടത്തുകയും, വിഷയം നിയമസഭയിൽ എത്തുകയും ചെയ്തിരുന്നു.
എന്നിട്ടും പി.എസ്.സി ചെയർമാൻ കാണാൻ കൂട്ടാക്കുന്നില്ലെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. മലപ്പുറം ജില്ലയിൽ മറ്റു ജില്ലകളുമായി താരതമ്യപ്പെടുത്തുമ്പോൾ സർക്കാർ സ്‌കൂളുകൾ കൂടുതലുണ്ട്.
ഒഴിവുകൾ കൂടുമെന്നതിനാൽ മറ്റു ജില്ലക്കാരും മലപ്പുറത്തെ ഒഴിവിലേക്ക് അപേക്ഷിക്കുകയും പരീക്ഷയെഴുതുകയും ചെയ്യും.
ഇതുവരെ എഴുനൂറിലധികം ഒഴിവുകൾ എൽ.പി അദ്ധ്യാപക വിഭാഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടുകൊല്ലമായി സ്റ്റാഫ് ഫിക്‌സേഷനോ എച്ച്.എം പ്രൊമോഷനോ നടന്നിട്ടില്ലെന്ന് സമരക്കാർ ആരോപിക്കുന്നു.
ഇത് കൃത്യമായി നടന്നാൽ 1500ൽപ്പരം ഒഴിവുകളുണ്ടാകുമെന്നാണ് സമരക്കാരുടെ വാദം. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായി ഉദ്യോഗാർത്ഥി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.
സർക്കാർ പ്രതികരിക്കാതിരിക്കുകയും കെ .ടി ജലീൽ എംഎൽഎ സമരക്കാരെ പരിഹസിക്കുകയും ചെയ്തതോടെയാണ് വനിത ഉദ്യോഗാർത്ഥി തല മുണ്ഡനം ചെയ്ത് സമരം കടുപ്പിച്ചത്.