പച്ചക്കറിക്കടകളിൽ നിന്ന് വിഷമയമായ കറിവേപ്പില വാങ്ങാതെ സ്വന്തമായി നട്ടുവളർത്തി ഉപയോഗിക്കുന്നതല്ലേ നല്ലത് പണ്ട്
വീടുകളിൽ വളരെ ശുദ്ധമായും വൃത്തിയായുമാണ് കറിവേപ്പ് പരിപാലിച്ചിരുനന്നത്.
വിഷരഹിത പച്ചക്കറികൾക്ക് ആവശ്യമേറി വരുന്നതിനാൽ വീട്ടുമുറ്റത്തും അടുക്കളത്തോട്ടത്തിലും ജൈവവളവും ജൈവ കീടനാശിനിയും ഉപയോഗിച്ച് കറിവേപ്പ് നട്ടുവളർത്താം. ഇതിനായി നൈട്രജൻ അടങ്ങിയിട്ടുള്ള വളങ്ങൾ പ്രയോഗിക്കാവുന്നതാണ്. കൂടാതെ നമ്മുടെ വീട്ടിലുള്ള ഏതാനും സാധനങ്ങളും വളമായി കറിവേപ്പിന് നൽകാം.
വീട്ടുപറമ്പിൽ നടുമ്പോൾ ഇത് ശരിയായി വളരുന്നില്ലെന്നും ഇലകൾ മുരടിച്ച് പോകാറുണ്ടെന്നും പലരും പറയാറുണ്ട്. വേണ്ടവിധം പരിചരിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് വളര്‍ന്ന് വലുതാവുന്നതാണ് കറിവേപ്പ് .
മഴക്കാലത്താണ് കറിവേപ്പിന് കൂടുതലായും രോഗം ബാധിക്കുന്നത്. ചില പൊടിക്കൈകളും നല്ല വളപ്രയോഗങ്ങളും പയറ്റിയാൽ കറിവേപ്പില തഴച്ചുവളരും. അതും വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ചെയ്യാവുന്ന പൊടിക്കൈകളാണെങ്കിൽ, ഏവർക്കും പരീക്ഷിക്കാവുന്നതാണ്
കറിവേപ്പ് തഴച്ചുവളരാൻ വീട്ടിലുണ്ട് ഉപാധികൾ
രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിച്ച് കറിവേപ്പ് നന്നായി വളരണമെങ്കിൽ വീട്ടിൽ മീൻ കഴുകിയ വെള്ളം മതി. ഇത് ആഴ്ചയിൽ ഒരു തവണ എന്ന രീതിയിൽ കറിവേപ്പിന്റെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. മീൻ കഴുകുന്ന വെള്ളം പോലെ ഇറച്ചി കഴുകുന്ന വെള്ളവും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മികച്ച വളമാണ്. വേറൊരു വളവും ഇല്ലാതെ കറിവേപ്പ് വളർന്നുപൊങ്ങാനുള്ള മികച്ച ഉപായമാണിത്.
നാരങ്ങയും തൈരും മുട്ടത്തോടും…
കൂടാതെ, ഇതിന്റെ തണ്ടിന് ബലമുണ്ടാകാൻ മുട്ടത്തോട് പൊടിച്ച് ചുവട്ടിലിട്ട് കൊടുക്കുക. മുട്ടത്തോടിൽ ഫോസ്ഫറസിന്റെ അംശം അടങ്ങിയിരിക്കുന്നതി നാൽ കറിവേപ്പിന്റെ തണ്ടിന് ശക്തി ലഭിക്കും. കൂടാതെ, രണ്ട് ടീസ്പൂൺ നല്ല പുളിച്ച തൈര് ഒരു ലിറ്റർ വെള്ളത്തിൽ നല്ലപോലെ കലക്കി കറിവേപ്പിലയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും വളർച്ചയെ ത്വരിതപ്പെടുത്തുന്നു.
നാരങ്ങാവെള്ളത്തിനും മറ്റും പിഴിഞ്ഞെടുത്ത നാരങ്ങയുടെ തോട് ഇനി കളയാതെ വെള്ളത്തിലിട്ട് വയ്ക്കുക. ഒരു ദിവസം ഇങ്ങനെ ഇട്ടുവച്ച ശേഷം കറിവേപ്പിന്റെ ചുവട്ടിൽ ഒഴിച്ചുകൊടുത്താൽ ചെടിയുടെ വളർച്ചയിൽ കാര്യമായ മാറ്റം കാണാൻ സാധിക്കും.
കറിവേപ്പിലയിൽ പുഴുക്കളും കീടങ്ങളും (ഉറുമ്പാണ് ഇതിന്റെ വാഹകർ) ബാധിച്ച് മുരടിക്കുകയാണെങ്കിൽ മഞ്ഞൾപ്പൊടി വിതറുകയോ, മഞ്ഞൾ വെള്ളം ഇലകളിൽ സ്പ്രേ ചെയ്യുകയോ വേണം. ഇത് വളരെ ഫലപ്രദമാണ്. തലേദിവസത്തെ കഞ്ഞി വെള്ളം ഇലകളിൽ തളിക്കുന്നതും ചുവട്ടിൽ ഒഴിക്കുന്നതും കീടങ്ങൾ നശിക്കാനും നല്ല പോലെ തഴച്ചുവളരാനും സഹായിക്കും ചാരം ചുവട്ടിൽ അൽപം മാറ്റി ഇടുന്നതും നല്ലതാണ്.