കൊച്ചി: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) ഇന്ധനം നൽകാത്തതിനെത്തുടർന്നു കമ്പനിയുടെ എൺപത് ശതമാനം പെട്രോൾ പമ്പുകളും കഴിഞ്ഞ രണ്ടാഴ്ചയായി അടഞ്ഞുകിടക്കുന്നു.
200 ഹിന്ദുസ്ഥാൻ പെട്രോളിയം റീട്ടെയിൽ ഔട്ട് ലെറ്റുകളാണ് സംസ്ഥാനത്ത് അടഞ്ഞു കിടക്കുന്നത്.
ഇതിൽ പലരും ലോഡ് എടുക്കുന്നതിനായി മൂന്നു ദിവസം മുമ്പ് പണം മുൻകൂർ അടച്ചിട്ടുള്ളവരുമാണ്. എന്നിട്ടും ഇന്ധനം ലഭിക്കാതെ പമ്പുടമകൾ വിഷമിക്കുകയാണ്. ദിനംപ്രതി പെട്രോൾ ഡീസൽ വില വർധിക്കുന്നതിനാൽ കൂടിയ വിലക്ക് ഉത്പന്നം വിൽക്കുന്നതിനായാണ് കമ്പനി ഇന്ധനം നൽകാതിരിക്കുന്നതെന്ന് ഡീലർമാർ പരാതിപ്പെടുന്നു. എന്നാൽ, സംസ്ഥാനത്ത് ഇന്ധക്ഷാമം ഇല്ലെന്ന് എച്ച്പിസിഎൽ പറയുന്നു.
എച്ച്പിസിഎല്ലിൻറെ ഇന്ധനം നിറയ്ക്കുന്നതിനുള്ള യൂണിറ്റുകൾ വൈകുന്നേരം 3.30 വരെ മാത്രമാണ് പ്രവർത്തിക്കുന്നത്. അതേസമയം ബിപിസിഎല്ലിൻറെയും ഐഒസിയുടെയും യൂണിറ്റുകളിൽ വൈകുന്നേരം അഞ്ചുവരെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുണ്ട്.
ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനി ഉത്പന്നം പിടിച്ചുവച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സിൻറെ ദേശീയ വൈസ് പ്രസിഡൻറുമായ ആർ. ശബരിനാഥിൻറെ നേതൃത്വത്തിൽ ഇന്നു രാവിലെ ജില്ലാ കളക്ടർ ജാഫർ മാലിക്കിനെ കണ്ട് നിവേദനം നൽകി. ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്താമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്.