സംസ്‌കൃത സർവ്വകലാശാലയിൽ എം.എ. (മ്യൂസിയോളജി)യ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 22

Advertisement

കാലടി: മ്യൂസിയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയപഠനമാണ് മ്യൂസിയോളജി. മ്യൂസിയോളജിയിൽ തികഞ്ഞ ശാസ്ത്രീയ അവബോധം നേടിയ വ്യക്തികൾക്കു മാത്രമേ കാലാതി
വർത്തിയായി മ്യൂസിയങ്ങളെ നിലനിർത്താനാകൂ.

സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട പല പ്രായത്തിലുള്ളവരാണ് മ്യൂസിയങ്ങൾ സന്ദർശിക്കുക. വിവിധ തരത്തിലുള്ള മ്യൂസിയങ്ങളാണുള്ളത്. അവിടെ എത്തുന്ന സന്ദർശകർക്ക് മ്യൂസിയങ്ങളുടെ പ്രാധാന്യവും അവിടെ അണിനിരത്തിയിരിക്കുന്ന വസ്തുക്കളുടെ മൂല്യവും ചരിത്രവും അത് എപ്രകാരമാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന അറിവും പകർന്നു നൽകണെമങ്കിൽ മ്യൂസിയോളജിയിൽ ഉന്നതപഠനം അനിവാര്യമായി വരുന്നു.

മ്യൂസിയോളജിയിൽ ഉന്നതപഠനം എങ്ങനെ ?

ഒരു ജനതക്ക് മ്യൂസിയങ്ങളുടെ ആവശ്യകത, മ്യൂസിയം നിർമ്മാണം, മ്യൂസിയം മാനേജ്‌മെന്റ്, മ്യൂസിയത്തിന്റെ തനതു സ്വഭാവങ്ങൾക്കിണങ്ങുന്ന വസ്തുക്കളുടെ ശേഖരണം, ശേഖരിക്കപ്പെട്ട വസ്തുക്കളുടെ പ്രാധാന്യവും മൂല്യങ്ങളും തിരിച്ചറിയുതിലേക്കുള്ള ഗവേഷണങ്ങൾ, മ്യൂസിയം സംബന്ധിക്കുന്ന നിയമവശങ്ങൾ ശേഖരിക്കുക, ഗവേഷണം നടത്തുക, വസ്തുക്കളെ കാഴ്ചക്കാർക്ക് ആനന്ദമുളവാക്കുന്ന വിധത്തിൽ പ്രദർശിപ്പിക്കുക, മ്യൂസിയം എജ്യൂക്കേഷൻ, മ്യൂസിയം ഡോക്യുമെന്റേഷൻ, മ്യൂസിയം മാർക്കറ്റിംഗ്, മ്യൂസിയം ആർക്കിടെക്ച്ചർ, മ്യൂസിയം പബ്ലിക്കേഷൻസ്, മ്യൂസിയം സെക്യൂരിറ്റി, മ്യൂസിയം അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയ വിഷയങ്ങളാണ് മ്യൂസിയോളജിയിൽ പഠിക്കേണ്ടി വരിക.

പലപ്പോഴും മ്യൂസിയങ്ങളെ സാംസ്‌ക്കാരിക പൈതൃകങ്ങളുടെ കലവറകൾ എന്നാണ് വിശേഷിപ്പിക്കുക. ഗ്രീക്ക് ദേവതയായ മ്യൂസെസ് എന്ന പദത്തിൽ നിന്നും ഉത്ഭവിച്ച മ്യൂസിയോ (മ്യൂസെസ് ദേവതയുടെ ആരാധനാലയം) എന്ന പദമാണ് പിൽക്കാലത്ത് മ്യൂസിയം എറിയപ്പെട്ടത്.

മ്യൂസെസ് ദേവതയാണ് തങ്ങളുടെ കല, സംസ്‌ക്കാരം, ശാസ്ത്രം എന്നിവയെ സംരക്ഷിച്ചുപോരുന്നത് എന്ൻ ഗ്രീക്കുകാർ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ ഓരോ രാജ്യത്തെയും മ്യൂസിയങ്ങൾ ആ പ്രദേശങ്ങളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്‌കാരിക സമ്പത്തുകളും കലാഭിരുചികളും ശാസ്ത്രീയ പരിജ്ഞാനങ്ങളും ലോകത്തിനു മുന്നിൽ തുറന്നു കാട്ടുന്നു.

തൊഴിൽ സാധ്യതകൾ

ഭാരതത്തിൽ ഇപ്പോൾ എഴുനൂറിൽപരം മ്യൂസിയങ്ങളാണുള്ളത്. എണ്ണത്തിൽ ഇനിയും വർദ്ധനവുണ്ടാകും. മാത്രമല്ല മ്യൂസിയോളജിയിൽ ഉന്നതപഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് വിദേശത്തുള്ള മ്യൂസിയങ്ങളിലും തൊഴിൽ നൽകി വരുന്നു.

മ്യൂസിയങ്ങളുടെ കൺസർവേറ്റർ, ക്യൂറേറ്റർ, ടാക്‌സിഡെർമിസ്റ്റ്, എജ്യൂക്കേറ്റർ, ലെയ്‌സൺ ഓഫീസർ, ഡോക്യുമെന്റേഷൻ ഓഫീസർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, റിസർച്ച്‌ ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ തുടങ്ങിയ തസ്തികകൾ ഇവർക്കു ലഭിക്കുന്നു.

സംസ്‌കൃത സർവ്വകലാശാലയിൽ എം.എ. (മ്യൂസിയോളജി)

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ എം. എ. (മ്യൂസിയോളജി) കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലാണ് കോഴ്സ് നടത്തുന്നത്.

പ്രവേശനം എങ്ങനെ?

പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും എം.എ., എം.എസ്‌സി., എം.എസ്. ഡബ്ല്യൂ. കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ. ഈ സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കോ സർവ്വകലാശാല അംഗീകരിക്കുന്ന മറ്റു സർവ്വകലാശാലകളിൽ നിന്നും ബിരുദം (10+ 2+ 3 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം.

ബി. എ. പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച്‌ (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്‌) 2022 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 31.08.2022 ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

അവസാന തീയതി ഏപ്രിൽ 22

ഏപ്രിൽ 22ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0484-2463380.