കൊല്ലം: ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നാണ് പഴംചൊല്ല്. പക്ഷേ ചങ്ങാതിമാർ നല്ലവരാണെങ്കിൽ കാലുകൾ പോലും വേണ്ടെന്ന് അലിഫ് മുഹമ്മദ് പറയും. അതെ, ജന്മനാ രണ്ട് കാലുകളുമില്ലാത്ത കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർത്ഥി അലിഫ് മുഹമ്മദിന് തന്റെ കാലുകൾ ചങ്ങാതിമാർ തന്നെയാണ്. ഇരുകാലുകൾക്കും സ്വാധീനമില്ലെന്ന ഒരു ബുദ്ധിമുട്ടുകളും അറിയിക്കാതെ അറിയിക്കാതെയാണ് അലിഫിനെ അവന്റെ സുഹൃത്തുക്കൾ കൊണ്ടുനടക്കുന്നത്. ഏത് ആവശ്യങ്ങൾക്കും സിനിമയ്ക്കും ഹോട്ടലുകളിലും ഉത്സവങ്ങൾക്കും, അവൻ ആവശ്യപ്പെടുന്ന എല്ലായിടത്തും അവനെ കൊണ്ടു പോകുന്നത് അവന്റെ കൂട്ടുകാരാണ്.
ശാസ്താംകോട്ട ഡിബി കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർത്ഥിയാണ് അലിഫ് മുഹമ്മദ്. കരുനാഗപ്പള്ളി മാരാരിതോട്ടം ബീമാ മൻസിലിൽ ഷാനവാസിന്റെയും സീനത്തിന്റെയും മകനാണ് അലിഫ് മുഹമ്മദ്. അലിഫിന് ജന്മന ഇരുകാലുകൾക്കും സ്വാധീനമില്ല. കാലിന് സ്വാധീനമില്ലാത്ത തങ്ങളുടെ കൂട്ടുകാരനെ യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെ എടുത്തുകൊണ്ട് നടക്കുന്ന സുഹൃത്തുക്കളായ ആര്യയുടെയും അർച്ചനയുടെയും ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഏതാനും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ അംഗീകാരമാണ് ലഭിച്ചത്. സ്നേഹവും കരുതലും നിറയുന്ന ഈ വിഡിയോ സൗഹൃദത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നുവെന്ന് കമന്റുകൾ.
കോളജ് ആർട്സ് ഡേയുടെ അന്നാണ് അർച്ചനയും ആര്യയും കൂടി അലീഫിനെ എടുത്തുകൊണ്ട് കോളേജിലേക്ക് വരുന്ന ചിത്രം ഫോട്ടോഗ്രാഫറായ ജഗത്ത് തുളസീധരൻ എടുത്തത്. വളരെ പെട്ടെന്ന് ഈ ദൃശ്യങ്ങൾ സൈബർ ലോകത്ത് പ്രചരിച്ചു. ഇത്തരത്തിൽ എടുത്തുകൊണ്ട് നടക്കുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ധാരാളം ആളുകളാണ് കണ്ടത്. പ്രതിസന്ധിയിൽ താങ്ങാകുന്ന സൗഹൃദത്തിന് ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയും ചെയ്തു.
2020ൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ പ്രിൻസിപ്പൽ ഉണ്ണികൃഷ്ണനും പ്രവാസി സംഘവും ചേർന്ന് അലിഫിനൊരു ഇലക്ട്രിക് വീൽ ചെയർ സമ്മാനിച്ചിരുന്നു. എങ്കിലും അലിഫിനെ എവിടെയും കൊണ്ടുപോകാൻ തങ്ങൾ മതിയെന്ന നിലപാടിലാണ് അവന്റെ കൂട്ടുകാർ.