ചെങ്ങന്നൂർ: ചെങ്ങന്നൂരിലെത്തുന്ന ശബരിമല തീർഥാടകർക്കായി ഇടത്താവളമൊരുങ്ങുന്നു.
കിഴക്കേനട മഹാദേവർ ക്ഷേത്രത്തിനു സമീപം കുന്നത്തുമലയിലെ ദേവസ്വം ബോർഡിന്റെ 45 സെൻറിൽ 10.48 കോടി ചെലവഴിച്ചാണ് കെട്ടിട സമുച്ചയം നിർമിക്കുന്നത്. മൂന്നുനിലകളിൽ 40,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ താഴെ 25 കാറുകൾ പാർക്കുചെയ്യാം. ഒന്നാംനിലയിൽ വിരി വെക്കുന്നതിനുള്ള ഡോർമിറ്ററി സംവിധാനത്തിൽ 200 പുരുഷന്മാർക്കും 100 സ്ത്രീകൾക്കും താമസിക്കാം. രണ്ടാംനിലയിലെ അന്നദാന മണ്ഡപത്തിൽ 350 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനും സൗകര്യമുണ്ടാകും. പൊതുമേഖല സ്ഥാപനമായ നാഷനൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണച്ചുമതല.
രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ആർ. അജിത്കുമാർ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ചെങ്ങന്നൂർ കിഴക്കേനട നവരാത്രി മണ്ഡപം സ്റ്റേജിൽ ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ തറക്കല്ലിടും. മന്ത്രി സജി ചെറിയാൻ അധ്യക്ഷതവഹിക്കും.