തിരുവനന്തപുരത്ത് നികുതിവെട്ടിപ്പിന് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥയെ വീണ്ടും വകുപ്പുമേധാവിയാക്കി; കൊല്ലം നഗരസഭ നടപടി വിവാദത്തിൽ

Advertisement

കൊല്ലം: നഗരസഭയിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായിരുന്ന ഉദ്യോഗസ്ഥയെ വീണ്ടും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സെക്ഷന്റെ മേധാവിയാക്കിയെന്ന് ആക്ഷേപം.

തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് ട്രാൻസ്ഫർ ചെയ്ത് കൊല്ലം നഗരസഭയിൽ എഒ തസ്തികയിൽ നിയമിക്കുകയും പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരിയാണെന്ന് കണ്ട് സസ്‌പെൻഷനിലാകുകയും ചെയ്ത അക്കൗണ്ട് ഓഫീസർ ലളിതാംബികയെയാണ് വീണ്ടും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അക്കൗണ്ട് സെക്ഷന്റെ മേധാവിയായി പുനർനിയമനം നൽകിയത്.

മാർച്ച്‌ 31ന് സസ്‌പെൻഷൻ കാലാവധി തീർന്നതോടെയാണ് പുതിയ നിയമനം. അഴിമതി നടത്തിയതിന് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥയെ വീണ്ടും അതേ സെക്ഷനിലെ ഉയർന്ന പോസ്റ്റിൽ നിയമിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ പക്ഷം. ആരോപണ വിധേയയായ ഉദ്യോഗസ്ഥയെ വീണ്ടും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന തസ്തികയിലേക്ക് നിയമിച്ചത് കോർപ്പറേഷൻ ഭരണത്തിലെ പ്രതിപക്ഷകക്ഷികളിലും എതിർപ്പ് ഉയർത്തിയിട്ടുണ്ട്.

സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ പരിശോധനയിലാണ് നികുതി തട്ടിപ്പ് കണ്ടെത്തിയത്. 2020 ജനുവരി 24 മുതൽ 2021 ജൂലൈ 11 വരെയുള്ള ഒന്നര വർഷത്തെ കണക്കുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം നഗരസഭയിലെ മൂന്ന് സോണൽ ഓഫീസുകളിൽ നിന്നായി ഏകദേശം 33,54,169 രൂപയാണ് ഉദ്യോഗസ്ഥർ വെട്ടിച്ചത്. സോണൽ ഓഫീസുകളിൽ ജനങ്ങളിൽനിന്നു സ്വീകരിക്കുന്ന പണം അന്നോ, തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 12ന് മുമ്പോ വികാസ് ഭവനിലെ എസ്ബി എസ്ബിഐ ബാങ്കിലെ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നാണു നിർദ്ദേശം. ഇതിനായി ചുമതലപ്പെടുത്തിയ ജീവനക്കാർ പണം ബാങ്കിൽ അടച്ചില്ലെന്നാണ് കണ്ടെത്തിയത്.

ശ്രീകാര്യം സോണിൽ 500785 രൂപ ബാങ്കിലടയ്ക്കാത്ത കാഷ്യർ അനിൽകുമാർ, ഓഫീസ് അസിസ്റ്റന്റ് ബിജു, നേമം സോണിൽ 26,74,333 രൂപ ബാങ്കിൽ അടയ്ക്കാത്ത കാഷ്യർ എസ്. സ്മിത, സുപ്രണ്ട് ശാന്തി, ആറ്റിപ്ര സോണിൽ 1,09,836 രൂപ ബാങ്കിലിടാത്ത ജോർജ്കുട്ടി എന്നിവരെ ഇതിന്റെ പേരിൽ നഗരസഭ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ശ്രീകാര്യം സോണിലെ അന്നത്തെ ചാർജ് ഓഫീസറും കൊല്ലം നഗരസഭയിലെ ജീവനക്കാരിയുമായ ലളിതാംബികയ്‌ക്കെതിരെയും നിയമനടപടി സ്വീകരിച്ചിരുന്നു.