തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം (നാളെയും മറ്റന്നാളും) കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്.
നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. മറ്റന്നാൾ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. അതേസമയം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാധ്യത മുന്നറിയിപ്പ് കേന്ദ്രം പിൻവലിച്ചു.
സംസ്ഥാനത്ത് ഇന്നും(ഏപ്രിൽ 08) നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.