ഇടുക്കി: ജില്ലാ ടൂറിസം വകുപ്പ് നടത്തുന്ന മൂന്നാർ പുഷ്പമേള മെയ് ഒന്നു മുതൽ 10 വരെ നടക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
ഏപ്രിൽ 10 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പുഷ്പമേളയുടെ ലോഗോ പ്രകാശനം ചെയ്യും. മേളയുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചതായും അഡ്വ. എ രാജ എം എൽ എ പറഞ്ഞു. ടൂറിസം വകുപ്പിന്റെ ബോട്ടാനിക്കൽ ഗാർഡനിലാണ് മൂന്നാർ പുഷ്പമേള നടക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നടക്കം എത്തിച്ചിരിക്കുന്ന ആയിരത്തോളം പുഷ്പങ്ങളും ചെടികളുമാണ് ഇത്തവണ മേളക്കായി സംഘാടകർ ഒരുക്കിയിരിക്കുന്നത്.
ഇതിനുപുറമെ കോളേജ് വിദ്യാർത്ഥികൾ, സ്കൂൾ കുട്ടികൾ എന്നിവരുടെ നേത്യത്വത്തിൽ ദിവസവും വിവിധ കലാപരിപാടികളും നടക്കും. നാടൻ കലാരൂപങ്ങളും ആദിവാസി ന്യത്തരൂപങ്ങളും പുഷ്പമേളയുടെ ഭാഗമായി അരങ്ങേറും. ദേവികുളം സബ് കളക്ടർ രാഹുൽ ക്യഷ്ണ ശർമ്മ, ഡി റ്റി പി സി സെക്രട്ടറി ജിതീഷ് ജോസ്, മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ, വിവിധ സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി സംഘടന പ്രതിനിധികൾ തുടങ്ങിയവർ മൂന്നാർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന് കമ്മിറ്റി രൂപീകരണയോഗത്തിൽ പങ്കെടുത്തു.