‘ശബരിമലയിൽ യുവതീ പ്രവേശനം’: ചർച്ചകൾ അനിവാര്യമെന്ന് ബൃന്ദ കാരാട്ട്

Advertisement

കണ്ണൂർ: ആരാധനാലയങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും ശബരിമല വിഷയത്തിൽ ചർച്ചകൾ അനിവാര്യമാണെന്നും വ്യക്തമാക്കി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്ത്.

ആരാധനാലയങ്ങളിൽ വിശ്വാസികളായ സ്ത്രീകൾക്കുള്ള ന്യായമായ അവകാശങ്ങൾ ഉറപ്പാക്കപ്പെടേണ്ടതുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി. ശബരിമലയിൽ യുവതീ പ്രവേശനം വേണമെന്ന നിലപാടാണ് പാർട്ടിക്കുള്ളതെന്നും ബൃന്ദ പറഞ്ഞു.

‘ശബരിമലയിലെ യുവതീ പ്രവേശനം ഉൾപ്പെടെ വൈകാരിക ഘടകങ്ങളുള്ള വിഷയങ്ങളിൽ ചർച്ചകൾ‍ പ്രധാനമാണ്. യുവതീ പ്രവേശനം വേണമെന്നു തന്നെയാണ് പാർ‍ട്ടിയുടെ നിലപാട്. ലിംഗ നീതിയുടെ വിഷയം ശബരിമല കേസിലും വിവിധ മസ്ജിദുകളുടെ കാര്യത്തിലും ഉയർന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാണ്: വിഷയം ചർച്ചകളും സംവാദങ്ങളും വഴി പരിഹരിക്കണം. ശബരിമലയിൽ യുവതീ പ്രവേശനത്തിനുള്ള അവകാശം ശരി വെയ്ക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ആ നിലപാട് അംഗീകരിക്കുന്നുവെന്നും നടപ്പാക്കുന്നുവെന്നുമാണ് സി.പി.എം സർക്കാർ വ്യക്തമാക്കിയത്. സി.പി.എം അല്ല കോടതിയിൽ പോയത്’, ബൃന്ദ കാരാട്ട് പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിക്ക് ബൃന്ദ കാരാട്ട് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന കേരള മോഡൽ വികസനം, രാജ്യത്തിന് മാതൃകയാണെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഇവയെല്ലാമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയത്തിൽ ചർച്ചകൾ പൂർത്തിയായെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. 48 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

Advertisement