തൊടുപുഴ കെഎസ്‌ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു

Advertisement

ഇടുക്കി : സാധാരണക്കാർക്ക് ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങൾക്കും കുറഞ്ഞ ചിലവിൽ യാത്രാ സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.

തൊടുപുഴ കെഎസ്‌ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടപ്പ് നിയമസഭയുടെ ആദ്യ യോഗത്തിൽ തന്നെ തൊടുപുഴ ഡിപ്പോയ്ക്കായി നിവേദനം ലഭിച്ചിരുന്നു. ഇതിനായി നിരവധി യോഗങ്ങൾ ചേർന്നു. സാമ്പത്തിക പരാധീനതയുടെ നടുവിലായിരുന്നെങ്കിലും നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു സർക്കാർ ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ആറ് കോടിയോളം രൂപ അധികം ചിലവഴിച്ചാണ് ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനത്തിന് സജ്ജജമാക്കിയത്.

ജനങ്ങളുമായി ഏറെ ഇഴുകിച്ചേർന്ന സർക്കാർ സംവിധാനമാണ് കെഎസ്‌ആർടിസി. ഇതിന്റെ ഉടമകൾ യാത്രക്കാരായ ജനങ്ങൾ തന്നെയാണ്. അതിനാൽ യാത്രക്കാർ കെഎസ്‌ആർടിസിയെ സൂക്ഷ്മതയോട് കൂടി നിരീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യും. കെഎസ്‌ആർടിസിയുടെ സുഗമമായ നടത്തിപ്പിനും നിലനിർത്തലിനുമായി കഴിഞ്ഞ ഒരു വർഷത്തിനിടെ 2000 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ഇടപെടലിൽ സർക്കാർ നൽകിയത്. ഇതുപയോഗിച്ച്‌ 11 വർഷമായി നടപ്പാക്കാതിരുന്ന ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാക്കി. 30,000 ജീവനക്കാരുടെ ജീവിത സുരക്ഷ ഉറപ്പാക്കാൻ ഇതിലൂടെ കഴിഞ്ഞു.

ഇതിലൂടെ മാത്രം 15 കോടി രൂപ പ്രതിമാസം അധിക ചെലവ് വരുന്നുണ്ട്. ഇതിന് പുറമേ സഹകരണ വകുപ്പിന്റെ സഹായത്തോടെ മുടങ്ങാതെ പെൻഷൻ കൊടുക്കാനും സാധിക്കുന്നുണ്ട്. പ്രതിമാസം 30 കോടി രൂപയാണ് ഡീസലിന് മാത്രം വേണ്ടി വരുന്നത്. ഇതിനനുസരിച്ചുള്ള വരുമാനം ഇല്ലെങ്കിലും ഈ സാമ്ബത്തിക പരാധീനതകൾക്ക് നടുവിലും കെഎസ്‌ആആർടിസിയുടെ പ്രവർത്തനം സുഗമമായി കൊണ്ടുപോകുന്നതായും അദ്ദേഹം പറഞ്ഞു.
പൊതുഗതാഗത രംഗത്ത് ആധുനിക ഹൈടെക് ബസുകൾ ഉപയോഗിച്ച്‌ സ്വിഫ്റ്റ് ബസ് സർവ്വീസ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗതാഗത വകുപ്പാണ് കേരളത്തിലെ കെഎസ്‌ആആർടിസി. ഇത് ചരിത്രമായി മാറുമെന്നുള്ളതാണ് പ്രതീക്ഷ. ഇതിന് പുറമേ നഗര യാത്രക്കുള്ള 50 ഇലക്‌ട്രിക് ബസുകൾ ഉടൻ തന്നെ എത്തിച്ചേരും. ഇവ ചാർജ് ചെയ്യാനുള്ള സൗകര്യം നഗരങ്ങളിൽ ഇതിനോടകം ഏർപ്പെടുത്തിക്കഴിഞ്ഞു. ഇതിലൂടെ ഡീസലിനെ അപേക്ഷിച്ച്‌ ഇന്ധന ചലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Advertisement