കെ.ആർ. ജ്യോതിലാൽ പൊതുഭരണ വകുപ്പിൽ തിരികെ; എം. ശിവശങ്കറിന് കൂടുതൽ ചുമതലകൾ

Advertisement

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. ഗവർണറുടെ അതൃപ്തിയെ തുടർന്ന് നീക്കംചെയ്യപ്പെട്ട കെ.ആർ.
ജ്യോതിലാൽ പൊതുഭരണ വകുപ്പിൽ തിരികെ എത്തി. എം. ശിവശങ്കറിന് കൂടുതൽ ചുമതലകൾ നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ജ്യോതിലാലിനെ വീണ്ടും പൊതുഭരണവകുപ്പ് സെക്രട്ടറിയായി നിയമിച്ചത്.

കായിക, യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിന് മൃഗസംരക്ഷണം, ക്ഷീര വികസനം, മൃഗശാല എന്നിവയുടെ അധിക ചുമതല കൂടി നൽകി. ശാരദ മുരളീധരന് ഇലക്‌ട്രോണിക് ആൻറ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൻറെയും ബിശ്വാസ് സിൻഹക്ക് പ്ലാനിങ് ആൻറ് എകണോമിക് വകുപ്പിൻറെയും അധിക ചുമതല നൽകി. മൃഗസംരക്ഷണ വകുപ്പിൽ നിന്നും മാറ്റിയ ടിങ്കു ബിസ്വാളിന് ഭക്ഷ്യ സിവിൽ സപ്ലൈസ്, തുറമുഖം എന്നിവയുടെ ചുമതല നൽകി. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരികെ എത്തിയ കെ.എസ്. ശ്രീനിവാസിനെ ഫിഷറീസ് വകുപ്പിലും അജിത്ത് കുമാറിനെ പൊതുമരാമത്ത് വകുപ്പിലും നിയമിച്ചു. അവധി കഴിഞ്ഞ് തിരികെ എത്തിയ പ്രിയങ്ക ജിക്ക് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ ചുമതല നൽകി.

ഗവർണറുടെ അഡീഷണൽ പി.എ ആയി ബി.ജെ.പി നേതാവ് ഹരി എസ്. കർത്തയെ നിയമിച്ച ഉത്തരവിനൊപ്പം വിയോജന കുറിപ്പ് എഴുതിയതിനെ തുടർന്നുള്ള വിവാദത്തിലാണ് പൊതുഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലിലെ നീക്കിയത്. ജ്യോതിലാലിൻറെ നടപടി ഗവർണറുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പിന്നാലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെയ്ക്കാതെ ഗവർണർ സർക്കാറിനെ സമ്മർദത്തിലാക്കി. ജ്യോതിലാലിനെ പൊതുഭരണ വകുപ്പിൽ നിന്ന് മാറ്റിയാണ് സർക്കാർ അന്ന് പ്രതിസന്ധി മറികടന്നത്.

ഇപ്പോൾ പൊതുഭരണ വകുപ്പിൻറെ അധിക ചുമതല കൂടി പ്രിൻസിപ്പൽ സെക്രട്ടറിയായ കെ.ആർ. ജ്യോതിലാലിന് സർക്കാർ നൽകിയിരിക്കുകയാണ്.

Advertisement