കോഴിക്കോട്: ക്ഷീര കർഷകർക്ക് മിൽമയുടെ വക വിഷുക്കൈനീട്ടമായി 14.8 കോടി രൂപ നൽകുന്നു. 1200 ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് അധിക പാൽവിലയായാണ് മലബാർ മിൽമയുടെ വിഷുസമ്മാനം.
മാർച്ചിലെ പാലിന് അധിക വിലയായി ഈ തുക നൽകും. മലബാർ മിൽമയുടെ ചരിത്രത്തിൽ ആദ്യമായാണ് വിഷുക്കാലത്ത് ക്ഷീര കർഷകർക്ക് ഇത്രവലിയ തുക നൽകുന്നതെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
നിലവിൽ 100 കോടിയോളം രൂപ മാസം ക്ഷീര കർഷകർക്ക് പാൽവിലയായി നൽകുന്നുണ്ട്. മലബാർ യൂണിയൻ രണ്ടു വർഷത്തിനിടയിൽ മൂന്നു കോടി ലിറ്റർ പാൽ പാൽപ്പൊടിയാക്കി. ഈയിനത്തിൽ 50 കോടിയോളം രൂപ നഷ്ടമുണ്ടായി. എന്നാൽ പ്രതിസന്ധിയിലും കർഷകരിൽ നിന്ന് ഒറ്റ ദിവസം പാൽ എടുക്കാതിരുന്നില്ല. പാലിന്റെ വില പത്ത് ദിവസം കൂടുമ്പോൾ നൽകി. ഇൻഷുറൻസ് പദ്ധതികൾ, സബ്സിഡികൾ, വെറ്ററിനറി സഹായം, കാലിത്തീറ്റ വിലക്കയറ്റം നേരിടാൻ ബദൽ സംവിധാനങ്ങൾ, ബിഎംസി പ്രവർത്തനങ്ങൾ, അധിക പാൽവില നൽകൽ എന്നിവ മുടങ്ങാതെ തുടരുന്നു. വാർത്താ സമ്മേളനത്തിൽ മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ ഡോ. പി മുരളി, ജനറൽ മാനേജർമാരായ കെ സി ജെയിംസ്, എൻ കെ പ്രേംലാൽ, എം ആർ ഡി എഫ് സി ഇ ഒ ജോർജ്ജ് കുട്ടി ജേക്കബ് എന്നിവരും പങ്കെടുത്തു.