ഇനി മാർക്കറ്റിൽ നിന്നു കിട്ടുന്ന മല്ലി കൊണ്ട് വീട്ടിൽ എന്നും മല്ലിയില ; ഈസി ടെക്നിക്

Advertisement

അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ വിഷാംശമുള്ളതാണ് മല്ലിയില.നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് മല്ലിയില. അടുക്കളകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നു കൂടിയാണ്. എന്നാൽ നമ്മൾ വാങ്ങുന്ന ഒട്ടുമിക്ക മല്ലിയിലയും കീടനാശിനി ഉപയോഗിച്ചതും വളരെ അധികം വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ കൃഷി ചെയ്തതുമൊക്കെയാണ് .

ഒരുപക്ഷേ പലരും മല്ലിയില കൃഷി ചെയ്യാൻ നോക്കിയിട്ടുണ്ടെങ്കിലും അതൊന്നും അത്രയും വിജയം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടാവില്ല. എന്നാൽ വീട്ടാവശ്യത്തിനുള്ള മല്ലിയിലയ്ക്ക് വേണ്ടി നമുക്ക് ചെടിച്ചട്ടിയിലോ ഗ്രോ ബാഗിലോ മികച്ച രീതിയിൽ മല്ലികൃഷിചെയ്യുവാൻ സാധിക്കും.
മാർക്കറ്റുകളിൽ നിന്ന് വീട്ടിൽ ഉപയോഗിക്കുവാൻ വേണ്ടി വാങ്ങുന്ന മല്ലി (കൊത്തമല്ലി) ഉപയോഗിച്ച് തന്നെ തൈ ഉണ്ടാക്കാം. (സപ്ളൈകോയിൽ നിന്നും വാങ്ങുന്ന മല്ലി നന്നായി കിളിക്കാറുണ്ട്) വാങ്ങുമ്പോൾ മല്ലിയുടെ കവറിൻ്റെ പുറത്തുള്ള Expirary Date ശ്രദ്ധിക്കണം .

നടുന്ന രീതി ….
ചട്ടിയിലോ ഗ്രോബാഗിലോ മുക്കാൽ ഭാഗം മണ്ണ് നിറച്ച് (കല്ലുകൾ ഉണ്ടെങ്കിൽ പെറുക്കിക്കളയണം) ചാണകപ്പൊടി ഇട്ട് മിക്സ് ചെയ്ത് വയ്ക്കുക. വെള്ളം നനച്ചിടുക (തറയിലാണെങ്കിൽ മണ്ണ് കിളച്ച് ചാണകപ്പൊടിയിട്ട് മിക്സ് ചെയ്യണം) കുറച്ച് ചകിരിച്ചോറും ചേർക്കാവുന്നതാണ്.
മല്ലി വിത്തുകൾ കൈ കൊണ്ട് നല്ലവണ്ണം തിരുമ്മി ( മല്ലിയുടെ തോടിന് കട്ടി കൂടുതലാണ് … അത് പൊട്ടി പോകണം വിത്ത് ഉള്ളിൽ ആണ്. രണ്ടായി പിളർക്കണം ) അല്ലെങ്കിൽ ചപ്പാത്തി കോലുകൊണ്ട് ഒന്ന് പ്രസ് ചെയ്തത് പൊട്ടിച്ച ശേഷം ഒരു രാത്രി വെള്ളത്തിൽ ഇട്ടുവയ്ക്കുക. പിറ്റേ ദിവസം ഒന്നുകൂടി ഇളക്കിയ മണ്ണിൽ വിതറുക. കുറച്ച് മണ്ണ് മുകളിലും ഇടുക …. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നനയ്ക്കുക … 12 അല്ലെങ്കിൽ 13 ദിവസമാകുമ്പോൾ മല്ലി മുളച്ച് വരും …. പിന്നീട് ആവശ്യത്തിന് വെള്ളം നൽകുക .

ഓർക്കുക,നന കൂടി പോയാൽ ചീഞ്ഞ് പോകാൻ സാധ്യത യുണ്ട്.മല്ലി വളർന്നു കഴിയുമ്പോൾ ആവശ്യത്തിന് മുറിച്ചെടുക്കുക . അതിനു ശേഷം ചാണകം കലക്കി ഒഴിച്ചാൽ മതി. ഇടയ്ക്കിടെ പച്ച ചാണകം കലക്കി ഒഴിക്കുന്നത് നല്ലതാണ്. ഫിഷ് അമിനോ സ്പ്രേ ചെയ്യുന്നതും നല്ലതാണ്. വേറെ വളപ്രയോഗം ആവശ്യമില്ല .

മറ്റൊരു രീതി
മല്ലി ഒരു വെളുത്ത തുണിയില്‍ വിതറുക. പിന്നീട് തുണി മടക്കിയ ശേഷം ഒരു ചപ്പാത്തി കോലോ കുഴലോ ഉപയോഗിച്ച് അധികം ശക്തി കൊടുക്കാതെ അവയുടെ മുകളിലൂടെ ഉടച്ച് കൊടുക്കുക. വിത്തുകള്‍ രണ്ടായി പിളരാനാണ് ഇങ്ങിനെ ചെയ്യുന്നത്. അധികം ശക്തി ഉപയോഗിക്കാന്‍ പാടുകയും ഇല്ല .

അതിനു ശേഷം തുണി തുറന്ന് അതിലേക്ക് ചകിരിച്ചോറും ചാണകപ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ആ തുണിയില്‍ തന്നെ പൊതിഞ്ഞ് നന്നായി കെട്ടിവയ്‌ക്കുക. അതിനു ശേഷം തുണിയുടെ മുകളിലേക്ക് വെള്ളം സ്‌പ്രേ ചെയ്തു കൊടുക്കുക.മൂന്നു ദിവസത്തിനു ശേഷം തുണി തുറന്നു നോക്കാവുന്നതാണ്. തുണിയുടെ പുറത്തേക്കായി തന്നെ ചെറുതായി വേരുകള്‍ വന്നതായി കാണാം. ശേഷം ഒരു ഗ്രോ ബാഗില്‍ മണ്ണും ചകിരിച്ചോറും ചാണക പൊടിയും 3:1:1 എന്ന അനുപാതത്തില്‍ യോജിപ്പിച്ച് അതിന്റെ മുകളിലേയ്‌ക്ക് തുണിയിലുളള മല്ലി വിത്തുകള്‍ വിതറി കൊടുക്കുക. ഒരാഴ്ച കഴിയുമ്പോഴേക്കും ഇവ ചെറുതായി മണ്ണില്‍നിന്നും മുളച്ചു പൊന്തിയതായി കാണാം

സ്യൂഡോമോണസ് ലായനി ഉണ്ടെങ്കിൽ പ്രസ് ചെയ്ത മല്ലി വിത്തുകൾ അതിൽ ഒരു 8 മണിക്കൂർ ഇട്ടതിനു ശേഷം വെള്ളം ഊറ്റി കളഞ്ഞ് നല്ല ഒരു എയർ ടൈറ്റ് ടിന്നിൽ അടച്ച് വെച്ചാൽ 5 ദിവസം കൊണ്ട് മുള വരും പിന്നീട് മണ്ണിൽ നടുകയും ചെയ്യാം. മല്ലിച്ചെടിയ്ക്ക് ഇളം വെയിലാണ് നല്ലത്

ചെടി നാലോ ആറോ ഇഞ്ചു ഉയരം വെച്ചാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാല്‍ മാത്രമേ അത് വേഗം വളരൂ എന്ന് ഓർമ്മിക്കുക. മൂന്നില്‍ രണ്ടു ഭാഗം ഇലകളില്‍ കൂടുതല്‍ ഒരേ സമയം നുള്ളരുത്, അത് ചെടിയ്ക്ക്‌ ക്ഷീണമാകും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ ചെടി വീണ്ടും കിളിർക്കാന്‍ തുടങ്ങും. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം. പിന്നീട് ചെടി പൂവിടാന്‍ തുടങ്ങും. അപ്പോള്‍ പുതിയ ഇലകള്‍ വരുന്നത് നില്ക്കും . തുടർന്നും ഇല വേണമെങ്കില്‍ ഉണ്ടാകുന്ന പൂക്കൾ അപ്പപ്പോള്‍ കളയണം.