ഏപ്രിൽ 28-ന് കെഎസ്‌ആർടിസിയിൽ സൂചനാ പണിമുടക്ക്; വിഷുവിന് മുമ്പ് ശമ്പളം കൊടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരം

Advertisement

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച്‌ കെഎസ്‌ആർടിസിയിൽ സിഐടിയുസി – എഐടിയുസി സംഘടനകൾ സമരത്തിലേക്ക്.

ഈ മാസം 28-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച സിഐടിയു അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ഗതാഗതമന്ത്രി പാലിച്ചില്ലെന്ന് വിമർശിച്ചു. പണിമുടക്കിന് ബിഎംഎസ്സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിഷുവിന് മുൻപ് ശമ്പളം കൊടുത്തില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്‌കരിച്ച്‌ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് എഐടിയുസി മുന്നറിയിപ്പ്.

കെഎസ്‌ഇബി വിവാദങ്ങൾക്കിടയിൽ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ആർടിസിയിലും കടുത്ത പ്രതിസന്ധി നേരിടുകയാണ് സംസ്ഥാനസർക്കാർ. ഒരു വശത്ത് കൊട്ടിഘോഷിച്ച്‌ കെ സ്വിഫ്റ്റ് നടപ്പാക്കിയപ്പോൾ മറുവശത്ത് 13-ാം തിയ്യതി ആയിട്ടും ശമ്പളം നൽകാത്തതാണ് യൂണിയനുകൾ സമരം പ്രഖ്യാപിക്കാൻ കാരണം.

ഇടത് സംഘടനകൾ തന്നെയാണ് മന്ത്രിയെയും കെഎസ്‌ആർടിസി മാനേജ്‌മെന്റിനെയും രൂക്ഷമായി വിമർശിച്ച്‌ സമരത്തിനിറങ്ങുന്നത്. കെ സ്വിഫ്റ്റിൽ എം പാനൽ ജീവനക്കാരെ നിയമിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്നും സിഐടിയു കുറ്റപ്പെടുത്തുന്നു.

‘എം പാനലുകാർക്ക് ജോലി കൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നിട്ടും കെ സ്വിഫ്റ്റിലേക്ക് എം പാനലുകാരെ പരിഗണിച്ചില്ല. എം പാനലുകാരുടെ പുനരധിവാസം പ്രധാനപ്രശ്‌നം തന്നെയാണ്. അവർ നൽകുന്ന നിവേദനത്തിന് പോലും മാനേജ്‌മെന്റ് മറുപടി നൽകുന്നില്ല. എം പാനലുകാരുടെ ലിസ്റ്റ് പോലും മാനേജ്‌മെന്റിന്റെ കയ്യിലില്ല. ലിസ്റ്റ് ചോദിച്ചിട്ടൊട്ട് തരുന്നുമില്ല. മന്ത്രിയുടേത് നിരുത്തരവാദിത്തപരമായ സമീപനമാണ്. റൂട്ട് നിശ്ചയിക്കുമ്പോൾ പോലും തൊഴിലാളികളുമായും ജീവനക്കാരുമായും ചർച്ച നടത്തുന്നില്ല. ഏതാനും ഉദ്യോഗസ്ഥരാണ് ഇവിടെ റൂട്ട് തീരുമാനിക്കുന്നതും ബസ്സോടിക്കുന്നതും. ഡയറക്ടർ ബോർഡിൽ തൊഴിലാളി പ്രതിനിധികളില്ല. അവരെ വീണ്ടും ഡയറക്ടർ ബോർഡിൽ പുനഃസ്ഥാപിക്കണം’, സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ ഗതാഗതമന്ത്രിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച്‌ ചോദിക്കുന്നു. ഇക്കാര്യമെല്ലാം ആവശ്യപ്പെട്ടാണ് ഹെഡ് ഓഫീസിലും എല്ലാ യൂണിറ്റുകളിലും സമരം തുടരുന്നത്. മാനേജ്‌മെന്റിന് എതിരാണ് സമരമെന്നും, തൊഴിലാളികൾ ആവശ്യപ്പെട്ടാൽ കെ – സ്വിഫ്റ്റ് തൊഴിലാളികളെയും സംഘടിപ്പിക്കുമെന്നും ആനത്തലവട്ടം വ്യക്തമാക്കുന്നു. ഇങ്ങനെ പോയാൽ കെഎസ്‌ആർടിസി ഒരിക്കലും ലാഭകരമാകില്ലെന്നും, ടിക്കറ്റ് ചാർജ് കുറഞ്ഞതുകൊണ്ടാണ് കെഎസ്‌ആർടിസി ലാഭകരമല്ലാത്തതെന്നും ചാർജ് കൂട്ടണമെന്ന് ഒരിക്കലും ആവശ്യപ്പെടില്ലെന്നും ആനത്തലവട്ടം വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച യോഗം ചേർന്ന് എഐടിയുസി തുടർസമരം തീരുമാനിക്കും. ഡ്യൂട്ട് ബഹിഷ്‌ക്കരിച്ചുള്ള സമരം അടക്കമാണ് ആലോചന. കോൺഗ്രസ് സംഘടനയായ ടിഡിഎഫും സമരത്തിനുള്ള നീക്കത്തിലാണ്. സമര പ്രഖ്യാപനവുമായി യൂണിയനുകൾ മുന്നോട്ട് പോകുമ്പോൾ സമരം ചെയ്താൽ പൈസ വരുമോ എന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ചോദ്യം. കെഎസ്‌ഇബിയിലെന്ന പോലെ കെഎസ്‌ആർടിസിയിലും ഘടകകക്ഷി മന്ത്രിമാരെ കുറ്റപ്പെടുത്തിയാണ് സിഐടിയുവിന്റെ പ്രതിഷേധം. കെഎസ്‌ആർടിസിയിലെ ശമ്പളം മുടങ്ങലും സമരപ്രഖ്യാപനവും സർക്കാറിനെ തന്നെ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നത് വ്യക്തമാണ്.

Advertisement