ആലപ്പുഴ: ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ കുമരകം വാസുദേവൻ (ഒറ്റാൽ വാസവൻ – 76) അന്തരിച്ചു.
രക്തസമ്മർദം കൂടിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
2014 ൽ പുറത്തിറങ്ങിയ ഒറ്റാലിൽ വല്ല്യപ്പച്ചായി എന്ന കഥാപാത്രത്തെയാണ് വാസുദേവൻ അവതരിപ്പിച്ചത്. വേമ്പനാട്ട് കായലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന വാസുദേവനെ യാദൃച്ഛികമായി കണ്ട സംവിധായകൻ തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു. കെ. മോഹൻ, വിനോദ് വിജയൻ എന്നിവർ ചേർന്ന് നിർമിച്ച ഒറ്റാൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.
ഒറ്റാലിന് പുറമെ ഭയാനകം, കാറ്റിലൊരു പായ് കപ്പൽ മാ (ഷോർട്ട് ഫിലിം) എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. രാജമ്മ ആണ് ഭാര്യ. മക്കൾ : ഷാജി ലാൽ, ഷീബ